പൂനെയിലെ മൂന്നാം ഏകദിനത്തില്‍ 7 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പര 2 – 1 ന് ഇന്ത്യ കൈക്കലാക്കി. സാം കറന്റെ ഒറ്റയാള്‍ പോരാട്ടത്തെ മറികടന്നാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. 83 പന്തില്‍ നിന്ന് 95 റണ്‍സാണ് നേടി പുറത്താകാതെ നിന്ന സാം കറന് ഇംഗ്ലണ്ടിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സിലേക്ക് എത്തിയ്ക്കാനെ ആയുള്ളു. തുടക്കത്തിലെ വിക്കറ്റുകള്‍ക്ക് ശേഷം വാലറ്റത്തോടൊപ്പം സാം കറന്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്.
നാലോവറില്‍ 41 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ 18 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 47ാം ഓവറില്‍ നേടിയത്. ഇതോടെ ലക്ഷ്യം 18 പന്തില്‍ 23 റണ്‍സെന്ന നിലയിലേക്ക് മാറി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 12 പന്തില്‍ 19 റണ്‍സായി മാറി.
ഹാര്‍ദ്ദിക് എറിഞ്ഞ 19ാം ഓവറില്‍ മാര്‍ക്ക് വുഡും സാം കറനും നല്‍കിയ അവസരങ്ങള്‍ ഇന്ത്യ കൈവിട്ടപ്പോള്‍ ഓവറില്‍ നിന്ന് 5 റണ്‍സാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 14 ആയി മാറി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ഓവറില്‍ മാര്‍ക്ക് വുഡിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ 59 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.
ആദ്യ മൂന്നോവറില്‍ തന്നെ ഓപ്പണര്‍മാരെ മടക്കിയയച്ച് ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ച ജേസണ്‍ റോയിയെ ആറാം പന്തില്‍ മടക്കിയ ഭുവി തന്റെ അടുത്ത ഓവറില്‍ ജോണി ബൈര്‍സ്റ്റോയെയും മടക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇംഗ്ലണ്ട് 28 റണ്‍സാണ് നേടിയിരുന്നത്.
ബെന്‍ സ്റ്റോക്സ്(35) നടരാജന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ജോസ് ബട്‍ലറുടെ വിക്കറ്റ് താക്കൂര്‍ വീഴ്ത്തി. 95/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ ലിയാം ലിംവിംഗ്സ്റ്റണ്‍ – ദാവിദ് മലന്‍ കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി താക്കൂര്‍ വീണ്ടും മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റി.
36 റണ്‍സ് നേടിയ ലിയാമിനെയും 50 റണ്‍സ് തികച്ച ദാവിദ് മലനെയും തുടരെ തുടരെയുള്ള ഓവറുകളിലാണ് താക്കൂര്‍ വീഴ്ത്തിയത്. ദാവിദ് മലന്‍ തന്റെ കന്നി ഏകദിന ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. മോയിന്‍ അലിയുടെ(29) വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തി സാം കറന്‍ – ആദില്‍ റഷീദ് കൂട്ടുകെട്ട് 57 റണ്‍സ് നേടിയെങ്കിലും കോഹ്‍ലി ശര്‍ദ്ധുല്‍ താക്കൂറിന് വീണ്ടും പന്തേല്പിച്ചപ്പോള്‍ 19 റണ്‍സ് നേടിയ ആദില്‍ റഷീദിനെ ഇംഗ്ലണ്ടിന് നഷ്ടമായി. തകര്‍പ്പന്‍ ക്യാച്ചിലൂടെ വിരാട് കോഹ്‍ലിയാണ് ഈ വിക്കറ്റ് സാധ്യമാക്കിയത്.
റഷീദുമായി 57 റണ്‍സും മാര്‍ക്ക് വുഡുമായി(14) 59 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ് സാം കറന്‍ നേടിയത്. ലക്ഷ്യം അവസാന ഓവറില്‍ 14 ആയി മാറിയെങ്കിലും ഓവറില്‍ നിന്ന് ഒരു ബൗണ്ടറി മാത്രം പിറന്നപ്പോള്‍ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബ്രേക്ക്ത്രൂക്കളുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നാല് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും നേടുകയായിരുന്നു.
ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ സഹായിച്ചപ്പോള്‍ മത്സരം അവസാന ഓവര്‍ വരെ ആവേശകരമായി നീളുകയായിരുന്നു.