2022 ലോകകപ്പ് യോഗ്യത എന്ന സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ പരാജയം. രണ്ടാം റൗണ്ട് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒമാന് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയെക്കേൾ ഏറെ ശക്തരായി വിലയിരുത്തപ്പെടുന്ന ഒമാനെതിരെ കളിയുടെ 82ആം മിനുട്ട് വരെ മുന്നിൽ നിന്ന ശേഷമായിരുന്നു ഇന്ത്യ പരാജയത്തിലേക്ക് കൂപ്പു കുത്തിയത്.
ഗുവാഹത്തിയിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഇറങ്ങിയ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ നടത്തിയത് ഛേത്രി, ആശിഖ്, ഉദാന്ത എന്നിവരെ അറ്റാക്കിൽ ഇറക്കി കളി തുടങ്ങിയ ഇന്ത്യ ആദ്യ പകുതിയിൽ ഉടനീളം ഒമാനെ വിറപ്പിച്ചു. കളിയുടെ 15ആം മിനുട്ടിൽ ഇന്ത്യക്ക് മുന്നിൽ എത്താനുള്ള സുവർണ്ണാവസരം ലഭിച്ചതായിരുന്നു. സുനിൽ ഛേത്രിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ ഉദാന്തയുടെ ഷോട്ട് ഗോൾകീപ്പറെ പരാജയപ്പെടുത്തി എങ്കിലും ഗോൾ ബാറിൽ തട്ടി മടങ്ങി. രണ്ട് മിനുട്ടുകൾക്ക് ശേഷം ഒരു കോർണറിൽ നിന്ന് ജിങ്കനും ഒരു മികച്ച അവസരം ലഭിച്ചു. പക്ഷെ ജിങ്കന്റെ ഹെഡർ ലക്ഷ്യം കണ്ടില്ല.
അതിനു ശേഷമായിരുന്നു ഛേത്രിയുടെ ഗോൾ. 24ആം മിനുട്ടിൽ ആശിഖ് നേടി തന്ന ഒരു ഫ്രീകിക്ക് ബ്രാണ്ടണാണ് എടുത്തത്. ഒമാൻ ഡിഫൻസിനെ കബളിപ്പിച്ച് കൊണ്ട് ഛേത്രി നടത്തിയ റൺ മനസ്സിലാക്കി ബ്രാണ്ടന്റെ അളന്നു മുറിച്ചുള്ള പാസ്. ഛേത്രിയുടെ ഫസ്റ്റ് ടൈം ഷോട്ട് തടയാൻ ആർക്കും ആയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നിൽ. ഗോളിന് ശേഷം ഇന്ത്യ ഡിഫൻസിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി എങ്കികും അധികം അവസരങ്ങൾ ഒമാൻ സൃഷ്ടിച്ചില്ല. 43ആം മിനുട്ടിൽ ഒരു ഗോളെന്ന് ഉറച്ച അവസരം ഒമാൻ സൃഷ്ടിച്ചു എങ്കിലും ഗുർപ്രീത് ഇന്ത്യയുടെ രക്ഷകനായി.
രണ്ടാം പകുതിയിൽ കൂടുതൽ കരുതലോടെ കളിച്ച ഇന്ത്യ കൂടുതൽ ഡിഫൻസിലേക്ക് പോയി. ഗോൾ അടിക്കുന്നത് മറന്ന് ഗോൾ തടയുന്നത് മാത്രമായി ഇന്ത്യയുടെ ലക്ഷ്യം. ഗുർപ്രീത് രണ്ടാം പകുതിയിൽ ഇന്ത്യക്ക് വേണ്ടി മികച്ചു നിന്നെങ്കിലും ഡിഫൻസീവ് സമീപനം ഇന്ത്യക്ക് തിരിച്ചടി നൽകി. കളിയുടെ 82ആം മിനുട്ടിൽ ഒമാൻ സമനില ഗോൾ നേടുകയും ചെയ്തു. അൽ മന്ദർ റാബിയ ഗുർപ്രീതിനെ മറികടന്ന് സമനില നേടിയത്. ആ ഗോളോടെ തകർന്ന ഇന്ത്യൻ ഡിഫൻസ് 90ആം മിനുട്ടിൽ വീണ്ടും ഗോൾ വഴങ്ങി. റാബിയ തന്നെയാണ് ഒമാനു വേണ്ടി രണ്ടാം ഗോളും നേടിയത്.
ഒമാനെതിരെ അവസാനം വരെ മുന്നിട്ട് നിന്ന് പരാജയപ്പെട്ടത് സ്റ്റിമാചിനും സംഘത്തിനും വലിയ നിരാശ തന്നെ നൽകും. തീർത്തും ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന മത്സരമാണ് ഇന്ന് ഇന്ത്യ അവസാനം കൈവിട്ടത്. ഇനി അടുത്ത ആഴ്ച ഖത്തറുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.