ചൈനയിൽ ഇന്ത്യൻ വൻമതിൽ തീർത്ത് സന്ദേശ് ജിങ്കനും സംഘവും

ചൈനയിൽ ഇന്ത്യ തീർത്ത വൻമതിൽ മറികടക്കാനാവാതെ ചൈന. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ശക്തരായ ചൈനയെ ഗോൾ രഹിത  സമനിലയിൽ പിടിച്ച്‌കെട്ടി ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുകളിലുള്ള ചൈനക്കെതിരെ മികച്ച പ്രതിരോധം തീർത്താണ് ഇന്ത്യ സമനില പിടിച്ചെടുത്തത്.

ഇന്ത്യൻ പ്രതിരോധ നിരയിൽ സന്ദേശ് ജിങ്കന് കൂട്ടായി അനസ് എടത്തൊടികയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ മികച്ച പ്രകടനവും ഇന്ത്യക്ക് തുണയായി.

മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വെച്ചത് ചൈന ആയിരുന്നെങ്കിലും മത്സരം ജയിക്കാനുള്ള അവസരം ഇരു കൂട്ടർക്കും ലഭിച്ചിരുന്നു. രണ്ടാം പകുതിയിൽ ചൈനയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.

ആദ്യ പകുതിയിൽ പ്രീതം കോട്ടലിന്റെ ഷോട്ടും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫാറൂഖ് ചൗധരിയുടെ ശ്രമവും ചൈനീസ് ഗോൾ കീപ്പർ രക്ഷപെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ചൈനയിൽ ഇന്ത്യ ചരിത്ര വിജയം നേടുമായിരുന്നു.