ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഹോക്കി സ്വര്‍ണ്ണ മോഹം പൊലിഞ്ഞു. ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കി ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്കോറിനു ഇന്ത്യ പരാജയപ്പെട്ടതോടെ സ്വര്‍ണ്ണമെന്ന ഇന്ത്യന്‍ സ്വപ്നം അവസാനിച്ചു. പരാജയപ്പെട്ടുവെങ്കിലും വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന സ്കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 2014ല്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറ്റുവാന്‍ സാധിച്ചുവെന്നതില്‍ അഭിമാനത്തോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ മെഡല്‍ കഴുത്തിലണിയാം.
11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍. 44ാം മിനുട്ടില്‍ കവാമുര ജപ്പാന്റെ വിജയ ഗോള്‍ നേടി. അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ മടക്കുവാന്‍ ഇന്ത്യ കിണഞ്ഞ് ശ്രമിച്ചുവെങ്കിലും ജപ്പാന്‍ പ്രതിരോധത്തില്‍ തട്ടി ഇന്ത്യന്‍ ശ്രമങ്ങള്‍ വിഫലമായി.