അഡ്‌ലെയ്ഡിലെ തോൽവിക്ക് മധുരപ്രതികാരം നൽകി മെൽബണിൽ ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഓസ്‌ട്രേലിക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ മെൽബൺ ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 8 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ജയത്തോടെ 4 മത്സരങ്ങൾ ഉള്ള പരമ്പര 1-1ന് സമനിലയിൽ എത്തിക്കാൻ ഇന്ത്യക്കായി. രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ സ്കോർ 200ൽ അവസാനിപ്പിച്ച ഇന്ത്യ ജയിക്കാനാവശ്യമായ 70 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ നേടിയ ജയം ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കൂട്ടുകയും ചെയ്തു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് 5 റൺസ് എടുത്ത മായങ്ക് അഗർവാളിന്റെയും 3 റൺസ് എടുത്ത ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ 27 റൺസ് എടുത്ത ക്യാപ്റ്റൻ അജിങ്കെ രഹാനെയും 35 റൺസ് എടുത്ത ശുഭ്മൻ ഗില്ലും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ട്ടങ്ങൾ ഇല്ലാതെ ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു. നേരത്തെ രണ്ടാം ഇന്നിംഗിസിൽ ഓസ്ട്രേലിയൻ നിരയിൽ അവസാന ഓവറുകളിൽ ചെറുത്തുനിന്ന പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമാണ് ഓസ്‌ട്രേലിയയുടെ സ്കോർ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റും ബുംറ, അശ്വിൻ, ജഡേജ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ അജിങ്കെ രഹാനെയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 326 റൺസ് പടുത്തുയർത്തിയത്. തുടർന്ന് ഓസ്ട്രേലിയയുടെ ഇന്നിങ്സിൽ 195ൽ ഒതുക്കിയ ഇന്ത്യ 131 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ജനുവരി 7ന് സിഡ്‌നിയിൽ വെച്ച് നടക്കും.