ഇന്നത്തെ ഇന്ത്യ യു എ ഇ മത്സര ഫലത്തിൽ നിരാശ ഇന്ത്യൻ ഫുട്ബോൾ സ്നേഹികൾക്ക് എല്ലാവർക്കും ഉണ്ടാകാം. പക്ഷെ ഇന്ത്യയുടെ പ്രകടനത്തിൽ നിരാശപ്പെടാൻ വയ്യ. വലിയ മത്സരങ്ങളിൽ പേടിച്ച് ഇരുന്ന് ഡിഫൻസ് ലൈനും കീപ്പ് ചെയ്ത് മുന്നോട്ട് ഒന്നു ചലിക്കാൻ കഴിയാത്ത ആ ഇന്ത്യയെ ഏഷ്യൻ കപ്പിലെ രണ്ടു മത്സരങ്ങൾക്കും കാണാൻ കഴിഞ്ഞില്ല. പകരം എതിരാളി ഏതു കൊമ്പനായാലും നമ്മുടെ കാലി പന്ത് കിട്ടിയാൽ ആ ഡിഫൻസിന് നേരെ കുതിക്കും. അതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മെന്റാലിറ്റി. ഒരോ ഫുട്ബോൾ ടീമിനും വേണമെന്ന് ആരാധകർ ആഗ്രഹിക്കുന്ന മനോഭാവം.
ഇന്ന് ഗ്യാലറിയിൽ നിറയെ യു എ ഇ ആരാധകർ ആയിരുന്നിട്ടും ഇന്ത്യയെക്കാൾ ഏറെ മികച്ച ഫുട്ബോൾ ടീമായിട്ടും അവരെ ഭയന്ന് അമിത ബഹുമാനം കൊടുത്ത് കാത്തിരിക്കാൻ ഒന്നും ഇന്ത്യ കൂട്ടാക്കിയില്ല. ഈ യുവ ഇന്ത്യൻ നിര തുടക്കം മുതൽ യു എ ഇ ഡിഫൻസിന് നേരെ കുതിക്കുകയായിരുന്നു. മുന്നോട്ട് പോയ ഒരു പന്തും ഇന്ത്യൻ അറ്റാക്കിംഗ് താരങ്ങൾ ചെയ്സ് ചെയ്യാതിരുന്നില്ല. അതിനുള്ള ഗുണങ്ങൾ പല തവണ ലഭിക്കുകയും ചെയ്തു.
കളിയിൽ എണ്ണം പറഞ്ഞ അവസരങ്ങൾ അധികവും ഇന്ത്യക്ക് തന്നെ ആയിരുന്നു. തായ്ലാന്റിനെതിരെ കളിച്ച അതേ കളി തന്നെ ആയിരുന്നു ഇന്ത്യ ഇന്നും കളിച്ചത്. ഒരു വ്യത്യാസം മാത്രം അന്ന് ഇന്ത്യ എല്ലാ അവസരങ്ങളും വലയിൽ എത്തിച്ചു. ഇന്ന് ഇന്ത്യക്ക് അതായില്ല. ഒപ്പം നിർഭാഗ്യവും ഇന്ത്യക്ക് എതിരെ നിന്നു. ഒരു മത്സരത്തിൽ തന്നെ രണ്ട് തവണയാണ് ബാറിന് തട്ടി പന്ത് മടങ്ങിയത്. ഇത്രയും വലിയ മത്സരത്തിൽ ഇങ്ങനെ രണ്ട് നിർഭാഗ്യങ്ങൾ ഇന്ത്യക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് പറയേണ്ടി വരും.
നിർഭാഗ്യം ഒഴിച്ചു നിർത്തിയാൽ യു എ ഇ വിറച്ച പ്രകടനം തന്നെയാണ് ഇന്ത്യ നടത്തിയത്. പന്ത് കൂടുതൽ കൈവശം വെച്ചത് യു എ ഇ ആണെങ്കിലും പന്ത് കിട്ടിയപ്പോൾ ഒഫൻസീവ് ആയി നന്മായി ഉപയോഗിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ഇന്തയുടെ ഫിറ്റ്നെസ് ലെവലും എടുത്ത് പറയേണ്ട കാര്യമാണ്. പണ്ട് വലിയ മത്സരങ്ങളിൽ അവസാന പകുതിയിൽ കിത്യ്ക്കുന്ന ഇന്ത്യൻ ടീമിനെ ആയിരുന്നു കാണാറുള്ളത്. എന്നാൽ ഇപ്പോൾ ഉള്ള ഇന്ത്യൻ ടീം 90 മിനുട്ടും ഒരോ ശ്വാസത്തിലും തങ്ങളുടെ മുഴുവൻ ഊർജ്ജത്തിൽ കളിക്കാൻ കഴിവുള്ളവരാണ്.
വിജയമോ പരാജയമോ എന്നതിനും അപ്പുറം ഇന്ത്യയുടെ സമീപനത്തിലും ഫിറ്റ്നെസിലും കാണുന്ന ഈ നല്ല മാറ്റങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ മാത്രമാണ് സൂചിപ്പിക്കുന്നത്.