ഇന്ത്യ ക്രിക്കറ്റില്‍ എന്നും മഹത്തരായ ബാറ്റ്സ്മാനെയും സ്പിന്നര്‍മാരെയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന പേസര്‍മാരാണ് ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ പ്രകടനം പുറത്തെടുത്തിട്ടുള്ളത്. അവര്‍ തന്നെ പല കാലങ്ങളില്‍ ഒറ്റയ്ക്ക് പേസ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തവരുമാണ്. ഇപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളിംഗ് ഏറെ മെച്ചപ്പെട്ട സാഹചര്യമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്.
ഇന്ത്യയുടെ ഇപ്പോളത്തെ പേസ് ബൗളിംഗ് നിര രാജ്യം സൃഷ്ടിച്ചതില്‍ ഏറ്റവും മികച്ചതാണെന്നാണ് മുന്‍ വിന്‍ഡീസ് പേസ് ബൗളര്‍ ഇയാന്‍ ബിഷപ്പ് പറയുന്ന്. ഇന്ത്യയ്ക്കിപ്പോള്‍ ഒരു പേസ് ബൗളിംഗ് നിര തന്നെയുണ്ട്, മുമ്പത്തെ പോലെ ഒരു താരം മാത്രമല്ല പേസ് ബൗളിംഗിനെ നയിക്കുന്നതെന്നും ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി.
2000 മുതലാണ് ഇന്ത്യ പേസ് ബൗളര്‍മാരെ വളര്‍ത്തുവാന്‍ ആരംഭിച്ചതെന്നും അത് ഇന്ത്യയുടെ പേസ് ബൗളിംഗ് സംസ്കാരത്തില്‍ വന്ന മാറ്റമാണെന്നും ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി. മുമ്പ് കപില്‍ ദേവും ജവഗല്‍ ശ്രീനാഥും വന്ന ശേഷം സഹീര്‍ ഖാന്‍, ആര്‍പി സിംഗ്, മുനാഫ് പട്ടേല്‍ എന്നിവര്‍ ആയിരുന്നു ഇന്ത്യന്‍ ബൗളിംഗിന്റെ മുന്‍ നിരയിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് നാലോ അഞ്ചോ ഒരേ പോലെ പ്രതിഭയുള്ള താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളതെന്ന് ബിഷപ്പ് പറഞ്ഞു.
വിദേശത്ത് ജയിക്കണമെങ്കില്‍ പേസ് ബൗളിംഗ് മെച്ചപ്പെടണമെന്ന ചിന്തയാണ് ഈ മാറ്റത്തിന് കാരണമെന്നും എംആര്‍ഫ് പേസ് ഫൗണ്ടേഷന്‍, എന്‍സിഎ എന്നിവരുടെ ഇടപെടലുകളും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് ബിഷപ്പ് വ്യക്തമാക്കി.