ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വിജയക്കുതിപ്പിനു തടയിടുവാന്‍ കൊറിയയ്ക്കായില്ലെങ്കിലും മൂന്ന് വട്ടം ഗോള്‍ വല ചലിപ്പിച്ച് ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവുകള്‍ തുറന്ന് കാട്ടി ദക്ഷിണ കൊറിയ പൊരുതി കീഴടങ്ങി. 5-3 നു ജയം സ്വന്തമാക്കി ഇന്ത്യ പകുതി സമയത്ത് 3-0നു ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയ്ക്ക് ശേഷം തുടരെ രണ്ട് ഗോളുകള്‍ മടക്കി കൊറിയ ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും അവസാന മിനുട്ടുകളില്‍ രണ്ട് ഗോള്‍ കൂടി നേടി ഇന്ത്യ അപ്രാപ്യമായ ലീഡെടുക്കുകയായിരുന്നു. അവസാന മിനുട്ടില്‍ കൊറിയ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇന്ത്യയുടെ വിജയക്കുതിപ്പിനു വിലങ്ങ് തടിയാകുവാന്‍ ടീമിനായില്ല.
ആദ്യ മിനുട്ടില്‍ തന്നെ രൂപീന്ദര്‍ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. നാലാം മിനുട്ടില്‍ ചിംഗ്ലെന്‍സാനയും 15ാം മിനുട്ടില്‍ ലളിതും നേടിയ ഗോളുകളില്‍ ഇന്ത്യ അജയമായ ലീഡ് നേടുകയായിരുന്നു. എന്നാല്‍ 33, 35 മിനുട്ടില്‍ മന്‍ജായേ കൊറിയയുടെ ഗോളുകള്‍ നേടിയതോടെ മത്സരം ആവേശകരമായി.
ഇരു ടീമുകളും ഗോള്‍മുഖത്ത് നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. മന്‍പ്രീത്(49), ആകാശ്ദീപ്(55) എന്നിവര്‍ നേടിയ ഗോളുകളാണ് മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റിയത്. ജോംഗ് യുന്‍ 59ാം മിനുട്ടില്‍ കൊറിയയുടെ മൂന്നാം ഗോള്‍ നേടി.