ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത കെ.എൽ രാഹുലും ശ്രേയസ് അയ്യരും ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ന്റെ ലീഡ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് എടുത്തത്. ഇന്ത്യൻ ബൗളർമാരുടെ കണിശമായ ബൗളിംഗാണ് ന്യൂസിലാൻഡിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ന്യൂസിലാൻഡിനു വേണ്ടി സെയ്ഫെർട്ട് 33 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ മാർട്ടിൻ ഗുപ്റ്റിൽ 33 റൺസും മൺറോ 26 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി ജഡേജ നാല് ഓവറിൽ വെറും 18 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത് ശർമ്മയെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും പെട്ടെന്ന് നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ആവർത്തിച്ച കെ.എൽ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു. കെ.എൽ രാഹുൽ 50 പന്തിൽ 57 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ ശ്രേയസ് അയ്യർ 33 പന്തിൽ 44 റൺസുമെടുത്ത് സോധിക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കെ.എൽ രാഹുൽ ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടുന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 86 റൺസാണ് കൂട്ടിച്ചേർത്തത്. ന്യൂസിലാൻഡിനു വേണ്ടി സൗത്തീ രണ്ട് വിക്കറ്റ് വീഴ്ത്തി.