വനിത ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് ക്രോസ് ഓവര്‍ മത്സരത്തില്‍ ഇറ്റലിയ്ക്കെതിരെ ഇന്ത്യ ഇരു പകുതികളിലായി നേടിയ മൂന്ന് ഗോളുകളുടെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 9ാം മിനുട്ടില്‍ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഇറ്റലി പ്രതിരോധത്തെ ഭേദിക്കുവാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയപ്പോള്‍ ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിനു ലീഡ് ചെയ്തു.
മത്സരം രണ്ടാം പകുതിയില്‍ കടന്നപ്പോളും ലീഡ് ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇറ്റലിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും സവിത ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 45ാം മിനുട്ടില്‍ നേഹ ഗോയല്‍ നേടിയ ഗോളില്‍ ഇന്ത്യ തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
55ാം മിനുട്ടില്‍ വനന്ദന ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. ഗ്രൂപ്പ് ബി ജേതാക്കളായ അയര്‍ലണ്ടാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലണ്ട് ജയിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial