ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ യൂത്ത് ലോകകപ്പ് സെമി ഫൈനലിലേക്ക്. സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ പാക്കിസ്ഥാനാണ്. ഇതോടു കൂടി സെമിയില്‍ കടക്കുന്ന ഏഷ്യന്‍ ടീമുകളുടെ എണ്ണം മൂന്നായി. ന്യൂസിലാണ്ടിനെതിരെ കൂറ്റന്‍ ജയം നേടിയ അഫ്ഗാനിസ്ഥാന്‍ ആണ് മൂന്നാമത്തെ ടീം. ദക്ഷിണാഫ്രിക്കയെ മികച്ചൊരു ത്രില്ലര്‍ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ സെമി യോഗ്യത നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മത്സരത്തിന്റെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാദേശ് ഇന്ത്യയെ 265 റണ്‍സിനു ഓള്‍ഔട്ട് ആക്കി. 176/2 എന്ന നിലയില്‍ നിന്നാണ് അവസാനം ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിനു പുറത്തായത്. ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 134 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 131 റണ്‍സ് വിജയത്തോടെ സെമിയില്‍ കടന്നു. സെമിയില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യന്‍ നിരയില്‍ ശുഭമന്‍ ഗില്‍ 86 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. പൃഥ്വി ഷാ(40), അഭിഷേക് ശര്‍മ്മ(50), ഹാര്‍വിക് ദേശായി(34) എന്നിവരാണ് മികവ് പുലര്‍ത്തിയ മറ്റു താരങ്ങള്‍. ബംഗ്ലാദേശിനായി ഖാസി ഓനിക് മൂന്നും നയീം ഹസന്‍ സൈഫ് ഹസ്സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആയി. 43 റണ്‍സ് നേടിയ ഓപ്പണര്‍ പിനാക് ഘോഷിനു മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെതിരെ പിടിച്ച് നില്‍ക്കാനായത്. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കോടി മൂന്നും അഭിഷേക് ശര്‍മ്മ, ശിവം മാവി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial