ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിന് സ്റ്റേഡിയം നിറയും, ടിക്കറ്റുകൾ വിറ്റു തീർന്നു

Newsroom

ഇന്ത്യയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിന് സ്റ്റേഡിയം നിറയും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നിരിക്കുകയാണ്. ഒക്ടോബർ 15ന് ബംഗ്ലാദേശിനെയാണ് ഇന്ത്യ കൊൽക്കത്തയിൽ വെച്ച് നേരിടുന്നത്. മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുകളും ഓഫ്ലൈൻ ടിക്കറ്റുകളും പൂർണ്ണമായും വിറ്റു തീർന്നു.

50000ന് മുകളിൽ കാണികൾ മത്സരം കാണാൻ എത്തുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ കൊൽക്കത്തയിലെ സ്റ്റേഡിയം നിറയ്ക്കണമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആ അഭ്യർത്ഥന ഫുട്ബോൾ പ്രേമികൾ കേട്ടിരിക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ തളച്ച ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.