വാലറ്റത്തിന് മുൻപിൽ വെള്ളം കുടിച്ച് ഇന്ത്യൻ ബൗളർമാർ, ദക്ഷിണാഫ്രിക്ക 275ന് പുറത്ത്

Photo: Twitter/@BCCI

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയെ വെള്ളം കുടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ വാലറ്റം. മുൻ നിര വിക്കറ്റുകൾ എല്ലാം പെട്ടെന്ന് വീഴ്ത്തിയ ഇന്ത്യ 9 വിക്കറ്റിലെ ഫിലാണ്ടർ – മഹാരാജ് സഖ്യത്തെ വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും എടുക്കേണ്ടി വന്നു. അവസാനം അശ്വിൻ മഹാരാജിനെ പുറത്താക്കിയതിന് പിന്നാലെ 275 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ട് ആവുകയായിരുന്നു.

ഇതോടെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ് ഉണ്ട്. ഒൻപതാം വിക്കറ്റിൽ ഫിലാണ്ടർ – മഹാരാജ് സഖ്യം 109 റൺസാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി കൂട്ടിച്ചേർത്തത്. ഫിലാണ്ടർ 44 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ 72 റൺസ് എടുത്ത മഹാരാജ് അശ്വിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 64 റൺസ് എടുത്ത ക്യാപ്റ്റൻ ഡു പ്ലെസി മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്.

ഇന്ത്യക്ക് വേണ്ടി അശ്വിൻ 4 വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും വീഴ്ത്തി.