ബംഗ്ലാദേശിനെതിരായ അവസാനത്തെ ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ആവർത്തിക്കാൻ രോഹിത് ശർമ്മക്ക് കഴിയാതെ പോയപ്പോൾ വെടിക്കെട്ട് പ്രകടനവുമായി കെ.എൽ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്.
തുടക്കത്തിൽ തന്നെ ഇന്ത്യക്ക് രോഹിത് ശർമ്മയെ നഷ്ട്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 2 റൺസ് എടുത്ത രോഹിത് ശർമ്മയെ ഷഫീഹുൽ ഇസ്ലാം പുറത്താക്കുകയായിരുന്നു. തുടർന്ന് 16 പന്തിൽ 19 റൺസ് എടുത്ത ശിഖർ ധവാനും പുറത്തായി. തുടർന്നാണ് കെ.എൽ രാഹുൽ ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്.
കെ.ൽ രാഹുൽ 35 പന്തിൽ നിന്ന് 52 റൺസും ശ്രേയസ് അയ്യർ 5 സിക്സിന്റെ സഹായത്തോടെ 33 പന്തിൽ 62 റൺസുമെടുത്ത് പുറത്തായി. ശ്രേയസ് അയ്യരുടെ കന്നി അർദ്ധ സെഞ്ചുറിയായിരുന്നു ഇന്നത്തേത്. തുടർന്ന് വന്ന റിഷഭ് പന്ത് ഒരിക്കൽ കൂടി ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. വെറും 6 റൺസ് എടുത്ത് റിഷഭ് പന്ത് പുറത്താവുകയായിരുന്നു. അവസാന ഓവറുകളിൽ മനീഷ് പണ്ടേയുടെ പ്രകടനവും ഇന്ത്യൻ സ്കോർ ഉയർത്തി. പണ്ടേ 13 പന്തിൽ 22 റൺസ് എടുത്ത് പുറത്താവാതെ നിന്നു.