കോവിഡ്19 പ്രതിസന്ധിയില്ലാതെ ഇന്ത്യ – ഓസ്ട്രേലിയ പരമ്പര നടക്കുകയായണെങ്കിൽ പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലെ ഗാബയിൽ നടക്കും. 2020-21 സീസണിലേക്കുള്ള ഫിക്സ്ചറുകൾ നാളെ ഓസ്ട്രേലിയ പുറത്തുവിടാനിരിക്കെയാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.
നിലവിൽ തീരുമാനിച്ച തിയ്യതി പ്രകാരം ഡിസംബർ 3നാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. അതെ സമയം ഗാബയിൽ ഇന്ത്യ 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒന്ന് പോലും ഇതുവരെ ജയിക്കാൻ ഇന്ത്യക്കായിട്ടില്ല. ഇന്ത്യ അഞ്ച് മത്സരങ്ങൾ തോൽക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയുമായിരുന്നു. ഓസ്ട്രേലിയയാവട്ടെ 1988 മുതൽ ഒരു മത്സരം പോലും ഗാബയിൽ പരാജയപ്പെട്ടിട്ടില്ല.
തുടർന്നുള്ള ടെസ്റ്റ് മത്സരങ്ങൾ അഡ്ലെയ്ഡിൽ വെച്ചും മെൽബണിൽ വെച്ചും സിഡ്നിയിൽ വെച്ചും നടക്കും. ഇതിൽ അഡ്ലെയ്ഡിൽ വെച്ച് നടക്കുന്ന മത്സരം ഡേ നൈറ്റ് ടെസ്റ്റ് ആവുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഡിസംബർ 11നാവും നടക്കുക. ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ വെച്ചും ന്യൂ ഇയർ ഡേ ടെസ്റ്റ് സിഡ്നിയിൽ വെച്ചുമാവും നടക്കുക. അതെ സമയം കഴിഞ്ഞ തവണ ഇന്ത്യ 2-1ന് പരമ്പര നേടിയപ്പോൾ പരാജയപ്പെട്ട പെർത് സ്റ്റേഡിയത്തിൽ വെച്ച് ഇത്തവണ മത്സരങ്ങൾ ഇല്ല.
പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക. നേരത്തെ അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കായി ഓസ്ട്രേലിയ ഇന്ത്യയെ സമീപിച്ചിരുന്നെങ്കിലും ബി.സി.സി.ഐ അതിന് തയ്യാറായിരുന്നില്ല.