നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതോടെ ബെംഗളൂരുവിൽ ഇന്ന് നടക്കുന്ന മത്സരം വളരെ നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചുവന്ന് മത്സരം 36 റൺസിന് ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ശിഖർ ധവാനും കെ.എൽ രാഹുലും മികച്ച ഫോമിൽ ഉള്ളത് ഇന്ത്യക്ക് മൂന്നാം ഏകദിനത്തിൽ പ്രതീക്ഷ നൽകും.
നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് വെല്ലുവിളി പരിക്കാണ്. രണ്ടാം ഏകദിനത്തിനിടെ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മക്കും ശിഖർ ധവാനും പരിക്കേറ്റിരുന്നു. മത്സരത്തിന് തൊട്ടുമുൻപ് മാത്രമേ ഇന്ത്യൻ താരങ്ങൾ ടീമിൽ ഉണ്ടാവുമോ എന്ന കാര്യം തീരുമാനമാവു. ഇവരെക്കൂടാതെ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ഇന്ന് കളിക്കുമെന്നണ് കരുതപ്പെടുന്നത്. രണ്ടാം ഏകദിനത്തിന് ബാക്കപ്പ് കീപ്പറായി ആന്ധ്രാ പ്രദേശ് കെ.എസ് ഭരതിനെ ഇന്ത്യൻ ടീമിൽ എടുത്തിരുന്നു. ബെംഗളൂരുവിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നത്കൊണ്ട് തന്നെ മത്സരത്തിൽ കൂടുതൽ റൺസ് വരുമെന്നാണ് കരുതപ്പെടുന്നത്.