ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാമന്മാരായി എത്തിയ അഫ്ഗാനിസ്ഥാനു പിന്നീട് സൂപ്പര്‍ ഫോറില്‍ മറക്കുവാനാഗ്രഹിക്കുന്ന മത്സര ഫലങ്ങളായിരുന്നു. പാക്കിസ്ഥാനെതിരെ അവസാന നാലോവറില്‍ 39 റണ്‍സും ബംഗ്ലാദേശിനെതിരെ 6 പന്തില്‍ എട്ട് റണ്‍സ് എന്ന ലക്ഷ്യം നേടുവാനുമാകാതെ അഫ്ഗാനിസ്ഥാന്‍ കീഴടങ്ങുമ്പോള്‍ കൈയകലത്തിലെത്തിയ ഏഷ്യ കപ്പ് ഫൈനല്‍ സ്ഥാനമാണ് ടീമിനു കൈമോശം വന്നത്. എന്നാല്‍ വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റിംഗ് വമ്പന്മാരില്‍ തലയെടുപ്പോടെ തങ്ങളുമുണ്ടാകുമെന്ന് പറയാതെ പറയുകയാണ് ഈ പ്രകടനങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും കീഴടക്കിയ ടീമിനു തലനാരിഴയ്ക്കാണ് സൂപ്പര്‍ ഫോറില്‍ വിജയങ്ങള്‍ കൈമോശം വന്നത്.
ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്ന അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം തലയുയര്‍ത്തിയുള്ളൊരു മടക്കമാവും. ടൂര്‍ണ്ണമെന്റില്‍ പരാജയമറിയാതെ നീങ്ങുന്ന ഇന്ത്യയെ പിടിച്ചുകെട്ടുക എന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും അസാധ്യമല്ലെന്ന് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ മികവിലൂടെ തെളിയിച്ചിട്ടുള്ളതാണ്. ഫൈനലിലേക്ക് കടന്നതിനാല്‍ ഇന്ത്യ പല താരങ്ങള്‍ക്കും വിശ്രമം നല്‍കുമെന്ന് ഉറപ്പാണ്. ലോകേഷ് രാഹുലിനും മനീഷ് പാണ്ഡേയ്ക്കുമൊപ്പം ബൗളിംഗില്‍ ബുംറയ്ക്കോ ഭുവനേശ്വര്‍ കുമാറിനോ ടീം വിശ്രമം നല്‍കിയേക്കാം. ദിനേശ് കാര്‍ത്തിക്കിനോ ധോണിയ്ക്കോ വിശ്രമം ഇന്ത്യ നല്‍കുമോയെന്നതും കാത്തിരുന്ന കാണണം.
അതേ സമയം അഫ്ഗാനിസ്ഥാന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് അധികം സ്ഥാനമുണ്ടാകില്ല. നജീബുള്ള സദ്രാനോ സമിയുള്ള ഷെന്‍വാരിയോ ആവും ടീമിലെ ഏക മാറ്റമായി മാറുക.