ഇന്ത്യയുടെ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ഫൈനലിൽ എത്താമെന്ന പ്രതീക്ഷ അവസാനിച്ചു. ഇന്ന് ടൂർണമെന്റിലെ രണ്ടാമത്തെ മത്സരവും ഇന്ത്യ വലിയ സ്കോറിന് പരാജയപ്പെട്ടു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യയെ നോർത്ത് കൊറിയ ഇന്ന് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ താജികിസ്ഥാനോടു 4-2ന് തോറ്റ ഇന്ത്യ രണ്ട് മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് വഴങ്ങിയിരിക്കുന്നത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഡിഫൻസിലെ വൻ പിഴവുകളാണ് ഇന്ത്യക്ക് വിനയായത്. ആദ്യ മത്സരത്തിലെ തോൽവി കാരണം നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പക്ഷെ അതൊന്നും ഗുണം ചെയ്തില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ കളി കൊറിയയുടെ നിയന്ത്രണത്തിലായിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ ഇന്ത്യയുടെ വലയിൽ വീണു. ഒരു ഫ്രീകിക്കിൽ നിന്ന് യോങ് ക്വാനാണ് ആദ്യ ഗോൾ നേടിയത്. അമ്രീന്ദറിന്റെ പൊസിഷനിങ്ങിലെ പിഴവായിരുന്നു ആ ഗോളിൽ കലാശിച്ചത്.
16ആം മിനുട്ടിൽ കൊറിയ ലീഡ് ഇരട്ടിയാക്കി. ഇന്ത്യയുടെ ഡിഫൻസീവ് പിഴവ് മുതലെടുത്ത് സിം ജിൻ ആണ് രണ്ടാം ഗോൾ നേടിയത്. പിന്നീടും ആക്രമണം തുടർന്ന കൊറിയ 28ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ മൂന്നാം ഗോളും കണ്ടെത്തി. യോങ് ക്വാന്റെ ഹെഡർ അമ്രീന്ദറിന് പിടിക്കാൻ ആവുമായിരുന്നു എങ്കിലും ഒരിക്കൽ കൂടി ഇന്ത്യൻ ഗോൾ കീപ്പർക്ക് അദ്ദേഹത്തിന്റെ നിലവാരത്തിൽ എത്താൻ ആയില്ല.
ആദ്യ പകുതിയിൽ സന്ദേശ് ജിങ്കന് പരിക്കേറ്റതും ഇന്ത്യയുടെ തലവേദന കൂട്ടി. രണ്ടാം പകുതിയിൽ ചാങ്തയെയും ഉദാന്തയും ഇറക്കിയതോടെ ഇന്ത്യ കളി മെച്ചപ്പെട്ടു. കൂടുതൽ അവസരങ്ങൾ ഇന്ത്യ സൃഷ്ടിക്കാൻ തുടങ്ങി. ചാങ്തെയിലൂടെ ഒരു ഗോൾ മടക്കാനും ഇന്ത്യക്കായി. ഛേത്രിയുടെ പാസിൽ നിന്ന് ഒരു ഗംഭീര ഫിനിഷിലൂടെ ആയിരുന്നു ചാങ്തെയുടെ ഗോൾ. ആ ഗോളിന് പിന്നാലെ തുടരെ തുടരെ ഇന്ത്യ ആക്രമണങ്ങൾ നടത്തി. പക്ഷെ കൊറിയയുടെ നാലാം ഗോൾ പിറന്നതോടെ തിരിച്ചുവരാമെന്ന ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു.
സഹലിനെ കൂടെ ഇറക്കി ഇന്ത്യ അറ്റാക്കിങ് തുടർന്നു. അതിന്റെ ഗുണമായി ഛേത്രിയിലൂടെ ഇന്ത്യക്ക് രണ്ടാം ഗോളും ലഭിച്ചു. ആ ഗോളിനപ്പുറം ഇന്ത്യ മുന്നോട്ട് പോയില്ല. കളിയുടെ അവസാന നിമിഷം ഒരു ഗോൾ കൂടി അടിച്ച് കൊറിയ ഇന്ത്യൻ പരാജയത്തിന്റെ ഭാരം കൂട്ടി. ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയയെ ആകും ഇന്ത്യ നേരിടുക.