ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസിന്റെ പരാജയം. വിജയിക്കാൻ 247 റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് ആകെ 146 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. 39ആം ഓവറിലേക്ക് ഇന്ത്യ 146 റൺസിന് ആളൗട്ട് ആയി. ഇന്ത്യയുടെ മുൻനിര പൂർണ്ണമായും ബാറ്റിംഗിൽ പരാജയപ്പെട്ടു. ക്യാപ്റ്റൻ രോഹിത ശർമ്മയും റിഷഭ് പന്തും ഡക്കിൽ ആണ് ഇന്ന് പുറത്തായത്.
ധവാൻ 9 റൺസും കോഹ്ലി 16 റൺസും പുറത്തായി. 27 റൺസ് എടുത്ത സൂര്യകുമാർ, 29 റൺസ് എടുത്ത ഹാർദ്ദിക് പാണ്ഡ്യ, 29 റൺസ് എടുത്ത ജഡേജ എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. വാലറ്റത്ത് ഷമി 23 റൺസ് എടുത്തു എങ്കിലും അതിനപ്പുറം ആരും പിടിച്ചു നിന്നില്ല.
റീസ് ടോപ്ലി ഇംഗ്ലണ്ടിനായി 6 വിക്കറ്റുകൾ നേടി. 6/24 എന്നായിരുന്നു ടോപ്ലിയുടെ ബൗളിംഗ് സ്റ്റാറ്റ്. വില്ലി, കാർസ്, മൊയീൻ അലി, ലിവിങ് സ്റ്റോൺ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 246 റൺസിന് ഇന്ത്യ ആളൗട്ട് ആക്കിയിരുന്നു. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരിൽ ആർക്കും ഇന്ന് അർധ സെഞ്ച്വറി പോലും നേടാൻ ആയില്ല. 47 റൺസ് എടുത്ത മൊയീൻ അലിയാണ് അവരുടെ ടോപ് സ്കോറർ. വില്ലി 41 റൺസും എടുത്തു.
നാലു വിക്കറ്റുമായി ചാഹൽ ആണ് ഇന്ന് ഇന്ത്യൻ ബൗളർമാരിൽ മികച്ച് നിന്നത്. ബെയർസ്റ്റോ, റൂട്ട്, സ്റ്റോക്സ്, മൊയീൻ അലി എന്നിവരെയാണ് ചാഹൽ പുറത്താക്കിയത്. 4/47 എന്നായിരുന്നു ചാഹലിന്റെ ബൗളിംഗ് സ്റ്റാറ്റ്സ്. ബുമ്ര, പാണ്ട്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും, ഷമി, പ്രസിദ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.