സൂപ്പർ12ലെ അവസാന മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെക്ക് എതിരെ 71 റൺസിന്റെ വിജയം നേടി. ഇന്ത്യ ഉയർത്തിയ 187 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ബാറ്റസ്മാന്മാർ പതറുന്നതാണ് കാണാൻ ആയത്. അവർ 17. ഓവറിൽ 115 റൺസ് എടുക്കുന്നതിനിടയിൽ ഓൾ ഔട്ട് ആയി.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിംബാബ്‌വെക്ക് ഓപ്പണറെ നഷ്ടമായി. ഭുവനേശ്വറിന്റെ ആദ്യ പന്തിൽ മദേവറെ ആണ് പുറത്തായത്. വൺ ഡൗൺ ആയി എത്തിയ ചകാബ്വയും റൺ എടുക്കാതെ പുറത്തായി അർഷ്ദീപ് ആണ് താരത്തിന്റെ കുറ്റി തെറിപ്പിച്ചത്.
ക്യാപ്റ്റൻ ഇർവിൻ 13 റൺസുമായി ഹാർദ്ദികിന്റെ പന്തിൽ കളം വിട്ടു. സീൻ വില്യംസിനെയും മുൻയോങയെയും ഷമി ആണ് പുറത്താക്കിയത്. ഇതോടെ സിംബാബ്‌വെ 36-5 എന്ന നിലയിലേക്ക് പരുങ്ങി. അവിടെ നിന്ന് ബേർലും റാസയും ചേർന്ന് പടുത്ത് ഉയർത്തി കൂട്ടുകെട്ട് സിംബാവെയെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു.
35 റൺസ് എടുത്ത ബേർൽ അശ്വിന്റെ പന്തിൽ പുറത്തായി. സിംബാബ്‌വെ അപ്പോൾ 96-6 എന്ന നിലയിൽ ആയി. പിന്നാലെ അശ്വിൻ മസ്കസദയെയും പുറത്താക്കി. നഗാരയെയും പുറത്താക്കിയ അശ്വിൻ 3 വിക്കറ്റുമായി സ്പെൽ അവസാനിപ്പിച്ചു. റാസ ഒറ്റയ്ക്ക് പൊരുതി എങ്കിലും ലക്ഷ്യത്തിന് അടുത്ത് ഒന്നും എത്താൻ സിംബാബ്‌വെക്ക് ആയില്ല. റാസ 24 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്. ഹാർദ്ദികിന്റെ പന്തിൽ റാസ പോയതോടെ സിംബാബ്‌വെ പോരാട്ടം അവസാനിച്ചു.
ഇന്ത്യക്കായി അശ്വിൻ മൂന്ന് വിക്കറ്റും, ഷമി, ഹാർദ്ദിക് എന്നിവർ രണ്ട് വിക്കറ്റു വീതവും വീഴ്ത്തി.അർഷ്ദീപും ഭുവനേശ്വരും അക്സറും ഒരോ വിക്കറ്റും വീഴ്ത്തി.
സിംബാവെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് എടുത്തത്. ഇന്ത്യക്കായി രാഹുലും സൂര്യകുമാറും ആണ് ബാറ്റു കൊണ്ട് തിളങ്ങിയത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യ സിംബാബ്‌വെക്ക് എതിരെ നന്നായല്ല തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 പന്തിൽ നിന്ന് 15 റൺസുമായി മുസരബാനിയുടെ പന്തിൽ പുറത്തായി. ഫോമിലേക്ക് തിരികെയെത്തിയ കെ എൽ രാഹുൽ ആണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 35 പന്തിൽ 51 റൺസ് എടുത്തു രാഹുൽ മികച്ച ഇന്നിങ്സ് തന്നെ സിഡ്നിയെ ആരാധകർക്ക് മുന്നിൽ കാഴ്ചവെച്ചു. 3 ഫോറും 3 സിക്സും അടങ്ങുന്ന ഇന്നിങ്സ്. ഒരു കൂറ്റൻ അടിക്ക് ശ്രമിക്കുന്നതിനിടയിൽ സിക്സ് ലൈനിൽ ക്യാച്ച് നൽകി രാഹുൽ പുറത്തായി.
വിരാട് കോഹ്ലിയും കൂറ്റൻ അടിക്ക് ശ്രമിക്കവെ ആണ് ഔട്ട് ആയത്. കോഹ്ലി 25 പന്തിൽ നിന്ന് 26 റൺസ് മാത്രമെ എടുത്തുള്ളൂ. കാർത്തികിന് പകരം കളിക്കാൻ എത്തിയ പന്ത് ആകെ മൂന്ന് റൺസെ എടുത്തുള്ളൂ. റയാൻ ബേർലിന്റെ ഒരു ലോകോത്തര ക്യാച്ച് ആണ് പന്തിന്റെ പുറത്താകലിന് കാരണമായത്.
പിന്നീട് സൂര്യകുമാറും ഹാർദ്ദികും ഒന്നിച്ചു. സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ ഒഴുകി. സ്കൈ 62 റൺസ് എടുത്തു. ഈ വർഷം ടി20യിൽ 1000 റൺസ് എന്ന നേട്ടവും സ്കൈ മറി കടന്നു. ഹാർദ്ദിക് 17 പന്തിൽ നിന്ന് 18 റൺസുമായി സൂര്യകുമാറിന് പിന്തുണ നൽകി.