മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇടയിൽ ഇന്ത്യക്ക് വലിയ തിരിച്ചടി. കാൽവിരലിന് പൊട്ടലുണ്ടായതിനെ തുടർന്ന് റിഷഭ് പന്തിനെ ശേഷിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഒഴിവാക്കി. ഇന്നലെ 68-ാം ഓവറിൽ 37 റൺസെടുത്തു നിൽക്കെ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുമ്പോളാണ് പന്തിന് പരിക്കേറ്റത്. ബോൾ ബാറ്റിൽ തട്ടി കാൽവിരലിൽ കൊള്ളുകയായിരുന്നു, ഇത് താരത്തിന് കടുത്ത വേദനയുണ്ടാക്കി. വേദന കാരണം പന്തിന് കളിക്കളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു.

സ്കാനിംഗിൽ പൊട്ടൽ സ്ഥിരീകരിച്ചു. ആറ് ആഴ്ചത്തേക്ക് പന്തിനെ കളിക്കളത്തിൽ നിന്ന് മാറ്റി നിർത്താൻ ബിസിസിഐ മെഡിക്കൽ ടീം തീരുമാനിച്ചു, ഇത് ഓവലിൽ നടക്കുന്ന നിർണായകമായ അഞ്ചാം ടെസ്റ്റും അദ്ദേഹത്തിന് നഷ്ടമാകും എന്നർത്ഥം. വേദനസംഹാരികൾ ഉപയോഗിച്ച് അദ്ദേഹത്തെ കളിപ്പിക്കാൻ ചർച്ചകൾ നടന്നിരുന്നെങ്കിലും, പന്തിന് താങ്ങില്ലാതെ നടക്കാൻ കഴിയാത്തതിനാൽ ആ സാധ്യത ഒഴിവാക്കി.
പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷനെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നിതീഷ് കുമാർ റെഡ്ഡി (കാൽമുട്ട്), ആകാശ് ദീപ് (ഗ്രോയിൻ), അർഷ്ദീപ് സിംഗ് (വിരൽ) എന്നിവരുൾപ്പെടെ പരിക്കേറ്റവരുടെ വലിയ പട്ടിക ഇന്ത്യക്ക് ഇതിനോടകം തന്നെയുണ്ട്.