ഓസ്ട്രേലിയയുടെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 3 പന്ത് അവശേഷിക്കവെ രണ്ട് വിക്കറ്റ് വിജയം നേടുകയായിരുന്നു. അര്‍ദ്ധ ശതകങ്ങള്‍ നേടിയ ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ എന്നിവര്‍ക്കപ്പം സ്നേഹ് റാണ, ദീപ്തി ശര്‍മ്മ എന്നിവരും നിര്‍ണ്ണായക ഇന്നിംഗ്സുകള്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ച്ചയായ 27ാം ഏകദിന വിജയം തേടിയാണ് ഓസ്ട്രേലിയ ഇന്നിറങ്ങിയത്.
സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് ആദ്യ വിക്കറ്റിൽ 59 റൺസ് നേടിയ ശേഷം മന്ഥാനയുടെ(22) വിക്കറ്റ് ഓസ്ട്രേലിയ നേടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 101 റൺസ് നേടി ഷഫാലി-യാസ്തിക ഭാട്ടിയ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചുവെങ്കിലും 56 റൺസ് നേടിയ ഷഫാലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. അടുത്ത ഓവറിൽ റിച്ച ഘോഷിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.
തന്റെ കന്നി അര്‍ദ്ധ ശതകം നേടിയ യാസ്തിക (64) വീണ ശേഷം അന്നബെല്‍ സത്തര്‍ലാണ്ട് ഇന്ത്യന്‍ മധ്യനിരയെ മടക്കി അയയ്ച്ചപ്പോള്‍ ഇന്ത്യ 208/6 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് ദീപ്തി – സ്നേഹ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്.
സ്നേഹ് റാണയുടെ വിക്കറ്റ് നിക്കോള കാറെ നേടിയെങ്കിലും താരം ഓവര്‍സ്റ്റെപ്പ് ചെയ്തതോടെ ജീവന്‍ദാനം ലഭിച്ച താരം ബൗണ്ടറികളുമായി ഇന്ത്യയെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. ഇതിനിടെ ദീപ്തി ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് ദീപ്തിയുടെ നേട്ടം.
12 പന്തിൽ 8 റൺസെന്ന നിലയില്‍ ആയിരുന്ന ഇന്ത്യ. 49ാം ഓവറിൽ സ്നേഹയുടെ വിക്കറ്റ് ഓസ്ട്രേലിയ വീഴ്ത്തുമ്പോള്‍ ഇന്ത്യയ്ക്ക് വിജയത്തിനായി 6 റൺസ് നേടേണ്ടിയിരുന്നു. 30 റൺസാണ് സ്നേഹ് നേടിയത്. അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിനായി 2 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 4 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ രണ്ട് നോബോളെറിഞ്ഞ ജൂലന്‍ ഗോസ്വാമി ബൗണ്ടറി നേടി ഇന്ത്യയുടെ ചരിത്ര വിജയം ഒരുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തലനാരിഴയ്ക്കാണ് ഓസ്ട്രേലിയ വിജയം പിടിച്ചെടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി ആഷ്‍ലി ഗാര്‍ഡ്നര്‍(67), ബെത്ത് മൂണി(52), താഹ്‍ലിയ മക്ഗ്രാത്ത്(47), അലൈസ ഹീലി(35) എന്നിവരാണ് റൺസ് കണ്ടെത്തിയത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രാക്കറും മൂന്ന് വീതം വിക്കറ്റ് നേടി.