പാക്കിസ്ഥാന്റെ മികച്ച ബാറ്റ്സ്മാനില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ജാവേദ് മിയാന്‍ദാദ് ടീമിലെ ആക്രമോത്സുകമായ ബാറ്റിംഗിന് പേരുകേട്ട ഒരു വ്യക്തിയാണ്. ദേശിയ ടീമിലുണ്ടായിരുന്നപ്പോള്‍ ബാറ്റിംഗ് സങ്കല്പം തന്നെ മാറ്റി മറിച്ച താരത്തെ ടീമില്‍ നിന്ന് പുറത്താക്കുവാന്‍ ആവശ്യപ്പെട്ടത് മുന്‍ ക്യാപ്റ്റനും ഇപ്പോളത്തെ പാക്കിസ്ഥാന് പ്രധാനമന്ത്രിയുമാണെന്ന പ്രഖ്യാപനവുമായി ബാസിത് അലി.
1992ല്‍ ലോകകപ്പ് വിജയം നേടിയ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് ടീമിലെ ഏറ്റവും സീനിയര്‍ താരമായിരുന്നു അഞ്ച് ലോകകപ്പ് കളിച്ച ജാവേദ് മിയാന്‍ദാദ്. 1993ല്‍ വസീം അക്രത്തിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് ടീമില്‍ മിയാന്‍ദാദിന് പകരം ബസിത് അലിയെ ഉള്‍പ്പെടുത്തി. പിന്നീട് ആറാം ലോകകപ്പ് കളിക്കാന്‍ വേണ്ടിയാണ് 1996ല്‍ പാക്കിസ്ഥാന് ടീമിലേക്ക് മിയാന്‍ദാദ് എത്തിയത്.
തന്നെ ഉപയോഗിച്ച് മിയാന്‍ദാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുവാനുള്ള ഗൂഢാലോചന നടന്നുവെന്നും അതിന് പിന്നില്‍ ഇമ്രാന് ഖാനാണെന്നും ബസിത് അലി പ്രസ്താവിച്ചു. വസീം അക്രമായിരുന്നു പാക് നായകനെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇമ്രാന് ഖാനായിരുന്നുവെന്ന് ബസിത് അലി പറഞ്ഞു.