ഷോണ്‍ അബോട്ട്, ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കരാറുകള്‍ അടുത്ത വര്‍ഷത്തില്‍ പ്രാബല്യമാക്കി ഡര്‍ബിഷയര്‍

Sports Correspondent

ഈ സീസണ്‍ കൗണ്ടി മത്സരങ്ങള്‍ ഏറെക്കുറെ സംശയത്തിലായ അവസരത്തില്‍ പല കൗണ്ടി ക്ലബ്ബുകളും തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ പലരുടെയും കരാറുകള്‍ റദ്ദാക്കപ്പെട്ടപ്പോള്‍ ഡര്‍ബിഷയര്‍ തങ്ങളുടെ രണ്ട് വിദേശ താരങ്ങളുട കരാര്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാറ്റുകയായിരുന്നു.

ഓസ്ട്രേലിയന്‍ താരങ്ങളായ ഷോണ്‍ അബോട്ട്, ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കരാറുകളാണ് ഇത്തരത്തില്‍ പുനഃക്രമീകരിച്ചത്. ഷോണ്‍ അബോട്ട് കൗണ്ടിയ്ക്കായി സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനിരുന്നതാണ്. അതെ സമയം പരിമിത ഓവര്‍ ക്രിക്കറ്റിലാണ് ടീമിനെ ബെന്‍ മക്ഡര്‍മട്ട് പ്രതിനിധീകരിക്കുവാന്‍ ഇരുന്നത്.

ഇംഗ്ലണ്ടില്‍ മെയ് 28 വരെ ക്രിക്കറ്റ് ഉപേക്ഷിക്കുവാനാണ് ബോര്‍ഡ് തീരുമാനിച്ചത്. പണച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൗണ്ടി ഈ താരങ്ങളുടെ കരാര്‍ ഇത്തരത്തില്‍ മാറ്റിയത്. അതേ സമയം മറ്റ് പല കൗണ്ടികളും പൂര്‍ണ്ണമായി താരങ്ങളുടെ കരാര്‍ റദ്ദാക്കുകയാണുണ്ടായത്.

ഈ സാഹര്യം മനസ്സിലാക്കി തങ്ങളുടെ തീരുമാനത്തോട് സഹകരിച്ച ഷോണ്‍ അബോട്ടിനും ബെന്‍ മക്ഡര്‍മട്ടിനും ക്ലബ്ബ് പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍.