അങ്ങനെ അവസാനം ഐ ലീഗ് ഫിക്സ്ചർ എത്തി. ഈ മാസം 26ന് ആണ് ഇന്ത്യയുടെ ഔദ്യോഗിക ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐലീഗിന് തുടക്കമാവുന്നത്. കേരള ക്ലബായ ഗോകുലം കേരള എഫ് സി ഉൾപ്പെടെ 11 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണിൽ റിലഗേറ്റഡ് ആയ ചർച്ചിൽ ബ്രദേഴ്സിനെ ലീഗിൽ നിലനിർത്തിയതും ഒപ്പം റിയൽ കാഷ്മീർ എഫ് സി സെക്കൻഡ് ഡിവിഷൻ വിജയിച്ച് എത്തിയതുമാണ് ലീഗിൽ ഒരു ക്ലബ് കൂടാൻ ഉള്ള കാരണം.
ഒക്ടോബർ 26ന് ചെന്നൈ സിറ്റിയും ഇന്ത്യൻ ആരോസും തമ്മിലുള്ള മത്സരത്തോടെയാകും ലീഗ് ആരംഭിക്കുക. കോയമ്പത്തൂർ വെച്ചാകും ആദ്യ മത്സരം നടക്കുക. കേരളത്തിന്റെ ക്ലബായ ഗോകുലം 27ന് ആണ് കളത്തിൽ ഇറങ്ങുന്നത്. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനാണ് ഗോകുലം കേരളത്തിന്റെ എതിരാളികൾ. കഴിഞ്ഞ വർഷം മോഹൻ ബഗാനെ ഗോകുലം വിറപ്പിച്ചിരുന്നു.
ഗോകുലത്തിന്റെ ആദ്യ എവേ മത്സരം 31 ഒക്ടോബറിന് നെറോക എഫ് സിക്ക് എതിരെയാണ്. ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ആണ് നേരിടുന്നത്.