മികച്ച തിരിച്ചു വരവ് നടത്തി യു.എസ് ഓപ്പൺ ഫൈനലിൽ എത്തി ലോക ഒന്നാം നമ്പറും പോളണ്ട് താരവും ആയ ഇഗ സ്വിറ്റക്. ആദ്യ സെറ്റ് നഷ്ടമായ ശേഷവും മൂന്നാം സെറ്റിൽ പിറകിൽ ആയതിനും ശേഷം തിരിച്ചു വന്നാണ് ഇഗ ആറാം സീഡ് ആര്യാന സബലങ്കയെ മറികടന്നത്. നന്നായി തുടങ്ങിയ സബലങ്ക ഇഗയെ ബ്രേക്ക് ചെയ്തു ആദ്യ സെറ്റ് 6-3 നു സ്വന്തം പേരിൽ കുറിച്ചു.
എന്നാൽ രണ്ടാം സെറ്റിൽ എന്നാൽ ഇഗ തിരിച്ചടിച്ചു. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ ഇഗ സെറ്റ് 6-1 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ആദ്യം ബ്രേക്ക് കണ്ടത്തിയ സബലങ്ക ആധിപത്യം കണ്ടത്തി. എന്നാൽ ബ്രേക്ക് ഇഗ തിരിച്ചു പിടിച്ചു, ഒരിക്കൽ കൂടി സബലങ്ക ബ്രേക്ക് നേടിയെങ്കിലും ഇഗ വീണ്ടും തിരിച്ചടിച്ചു. ഒടുവിൽ സബലങ്കയുടെ സർവീസ് ബ്രേക്ക് ചെയ്തു കൊണ്ട് സെറ്റ് 6-4 നു നേടി ഇഗ മത്സരം സ്വന്തമാക്കുക ആയിരുന്നു.
കയ്യിലുള്ള മത്സരം ആണ് അവസാന നിമിഷങ്ങളിൽ സബലങ്ക കളഞ്ഞു കുളിച്ചത്. മത്സരത്തിൽ 5 തവണ ബ്രേക്ക് വഴങ്ങിയ ഇഗ 7 തവണ എതിരാളിയെ ബ്രേക്ക് ചെയ്തു. കരിയറിലെ ആദ്യ യു.എസ് ഓപ്പൺ ഫൈനൽ ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. ഇതിനു മുമ്പ് 2 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയ ഇഗക്ക് ഇത് മൂന്നാം ഗ്രാന്റ് സ്‌ലാം ഫൈനൽ പ്രവേശനം കൂടിയാണ്. ഫൈനലിൽ അഞ്ചാം സീഡ് ഒൻസ് യാബ്യുറിനെ ആണ് ഇഗ നേരിടുക.