ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായ ഐ എഫ് എ ഷീൽഡ് നവംബർ അവസാന വാരം കൊൽക്കത്തയിൽ വെച്ച് നടക്കും. ഐ എഫ് എ ഷീൽഡിൽ കേരള ക്ലബായ ഗോകുലം കേരള എഫ് സി പങ്കെടുക്കുന്നുണ്ട്. 2015 മുതൽ അണ്ടർ 19 ടൂർണമെന്റാക്കി മാറ്റിയിരുന്ന ടൂർണമെന്റ് കഴിഞ്ഞ വർഷം മുതൽ വീണ്ടും സീനിയർ ടൂർണമെന്റ് ആക്കിയിരുന്നു. കഴിഞ്ഞ വർഷം റിയൽ കാശ്മീർ ആയിരുന്നു ഐ എഫ് എ ഷീൽഡ് കിരീടം നേടിയത്.
126 കൊല്ലം മുമ്പ് ആരംഭിച്ച ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ പ്രധാന ടൂർണമെന്റാണ്. 124ആമത് ഐ എഫ് എ ഷീൽഡാണ് ഇത്തവണ നടക്കുന്നത്. ഐ എസ് എൽ തിരക്കുള്ളതിനാൽ ഐ എസ് എൽ ക്ലബുകൾ ഒന്നും പങ്കെടുക്കുന്നില്ല. ഹൈദരബാദ് അവരുടെ റിസേർവ്സ് ടീമിനെ അയക്കുന്നുണ്ട്. ഗോകുലം കേരള അടക്കം 12 ക്ലബുകളാകും ടൂർണമെന്റിൽ പങ്കെടുക്കുക. . ഗോകുലം കേരള, ശ്രീനിധി, റിയൽ കാശ്മീർ, മൊഹമ്മദൻസ്, ഇന്ത്യൻ ആരോസ് എന്നീ ഐലീഗ് ക്ലബുകൾ ടൂർണമെന്റിൽ ഉണ്ടാകും. കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ ആണ് ടൂർണമെന്റ് നടത്തുന്നത്.