അനന്തപുരി ഹോസ്പിറ്റല്‍സ്- ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റ്: ജയത്തോടെ ആരംഭിച്ച് ഐബിഎസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അനന്തപുരി ഹോസ്പിറ്റല്‍സുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ ഐബിഎസിന് വിജയത്തുടക്കം. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുഎസ്ടി ഗ്ലോബലിനെയാണ് ഐബിഎസ് 11 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് നിശ്ചിത 20 ഓവറില്‍ നിന്ന് 146 റണ്‍സ് നേടിയപ്പോള്‍ യുഎസ്ടിയ്ക്ക് 135 റണ്‍സ് മാത്രമേ നേടാനായുള്ളു.

22 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ ടാര്‍സന്‍ ബെന്നിറ്റ്, റിച്ചാര്‍ഡ് ജോണ്‍സണ്‍(23), സന്തോഷ് ഹരിഹരന്‍(23) എന്നിവരാണ് ഐബിഎസിന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. യുഎസ്ടി ഗ്ലോബലിനായി വിമല്‍കുമാര്‍ വിജയകുമാര്‍ രണ്ടും സയ്യദ് ഫര്‍ഹാന്‍ സയ്യദ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങി യുഎസ്ടി ഗ്ലോബലിന് വേണ്ടി അനീഷ് കുമാര്‍(29), അരുണ്‍ രാജന്‍(27), വിമല്‍കുമാര്‍(28) എന്നിവര്‍ റണ്‍സ് കണ്ടെത്തിയെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ മാത്രമേ ടീമിന് എത്തുവാനായുള്ളു. 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ യുഎസ്ടിയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 4 വിക്കറ്റ് നേടിയ വിഷ്ണു രാമചന്ദ്രന്‍ ആണ് ഐബിഎസിനായി തിളങ്ങിയത്.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് മംഗലപുത്തും തുമ്പ സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലും നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണ്ണമെന്റിന്റെ നോക്ക്ഔട്ട് മത്സരം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ഫൈനല്‍ മത്സരം മാര്‍ച്ച് ഏഴിന് ഏഴ് മണിയ്ക്ക് നടക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ഗ്രൂപ്പ് എ – ഐബിഎസ്, യുഎസ്ടി ഗ്ലോബല്‍, ഇംപീരിയല്‍ കിച്ചന്‍, എന്‍വെസ്റ്റ്നെറ്റ്
ഗ്രൂപ്പ് ബി – ഗൈഡ്ഹോസ്, ക്യുബര്‍സ്റ്റ്, ഫിനസ്ട്ര, ഐടിസി
ഗ്രൂപ്പ് സി- എസ്എബി, പിആര്‍എസ്, ഐസിഐസിഐ, ടിസിഎസ്
ഗ്രൂപ്പ് ഡി – ഇന്‍ഫോസിസ്, പാലാഴി, അലയന്‍സ്, സ്പെറിക്കോണ്‍