സ്പെറിക്കോണിനെതിരെ 12 റണ്‍സ് ജയം നേടി അലയന്‍സ്

- Advertisement -

അനന്തപുരി ഹോസ്പിറ്റല്‍സ്- ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20 ടൂര്‍ണ്ണമെന്റില്‍ 12 റണ്‍സ് വിജയവുമായി അലയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ സ്പെറിക്കോണിന്റെ കടുത്ത വെല്ലുവിളിയെയാണ് അലയന്‍സ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 140 റണ്‍സാണ് നേടിയത്. മഞ്ജിത്ത് മനോഹരന്‍ 43 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രവീണ്‍ ജയറാം(17), അശ്വിന്‍ ശേഷാദ്രി(17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സ്പെറിക്കോണിന് വേണ്ടി ജീന്‍ വിജയ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്പെറിക്കോണിന് വേണ്ടി വിഷ്ണു മഹേഷ് 58 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും താരത്തിന് ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ ആയില്ല. ആദ്യ ഓവറില്‍ തന്നെ അബ്ദുള്‍ ഹാഷിക്കിനെ നഷ്ടമായ സ്പെറിക്കോണ്‍ തുടര്‍ന്ന് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മത്സരത്തിലേക്ക് തിരികെ വരുവാനുള്ള ശ്രമം നടത്തിയെങ്കിലും കൂട്ടുകെട്ടുകള്‍ വലുതാകുവാന്‍ അലയന്‍സ് അനുവദിച്ചില്ല. ജീന്‍ വിജയ് 24 റണ്‍സ് നേടി. 20 ഓവറില്‍ വെറും നാല് വിക്കറ്റുകള്‍ മാത്രമാണ് സ്പെറിക്കോണിന് നഷ്ടമായതെങ്കിലും ടീമിന് 128 റണ്‍സ് മാത്രമേ നേടാനായുള്ളു. തന്റെ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റ് നേടിയ ശബരീനാഥ് നായര്‍ ആണ് അലയന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നത്.

Advertisement