നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മിലാൻ ഡാർബി എ സി മിലാൻ വിജയിച്ചു. ഇന്ന് സീരി എയിൽ നടന്ന മിലാൻ ഡാർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എ സി മിലാൻ ഇന്റർ മിലാനെ പരാജയപ്പെടുത്തിയത്. കൊറോണയെ കീഴ്പ്പെടുത്തി എത്തിയ ഇബ്രാഹിമോവിചിന്റെ മികവിലാണ് എ സി മിലാൻ ഇന്ന് വിജയിച്ചത്. ആദ്യ 16 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ നേടി മിലാനെ 2-0ന് മുന്നിൽ എത്തിക്കാൻ ഇബ്രയ്ക്ക് ഇന്നായി.
13ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഇബ്രയുടെ ആദ്യ ഗോൾ ഒറ്റയ്ക്ക് പന്തുമായി കുതിച്ച ഇബ്ര തന്നെയാണ് ആ പെനാൾട്ടി നേടിയതും. ഇബ്രയുടെ പെനാൾട്ടി ഹാൻഡൊനാവിചിന് തടയാൻ ആയെങ്കിലും റീബൗണ്ടിൽ ഇബ്രാഹിമോവിച് പന്ത് വലയിൽ എത്തിച്ചു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം ഒരു ടാപിന്നിലൂടെ ഇബ്ര തന്റെ രണ്ടാം ഗോളും നേടി. ലിയോയുടെ മനോഹര ക്രോസിൽ നിന്നായിരുന്നു ഇബ്രയുടെ രണ്ടാം ഗോൾ.
29ആം മിനുട്ടിൽ ലുകാകുവിലൂടെ ഒരു ഗോൾ മടക്കാൻ ഇന്ററിനായെങ്കിലും സമനിൽ ഗോൾ കണ്ടെത്താൻ അവർക്ക് ആയില്ല. ലുകാകു തന്നെ നിരവധി അവസരങ്ങൾ നഷ്ടപെടുത്തിയതും ഇന്ററിന് വിനയായി. എട്ടു മത്സരങ്ങൾക്ക് ശേഷമാണ് എ സി മിലാൻ ഒരു മിലാൻ ഡാർബി വിജയിക്കുന്നത്. ഈ സീസണിൽ നാലിൽ നാലു മത്സരങ്ങളും വിജയിച്ച് സീരി എ ടേബിളിൽ ഒന്നാമത് നിൽക്കുകയാണ് എ സി മിലാൻ. നാലു മത്സരങ്ങളിൽ ഏഴു പോയിന്റു മാത്രമുള്ള ഇന്റർ ഇപ്പോൾ ആറാം സ്ഥാനത്താണ്.