ഐ ലീഗ് ഒരു കാര്യത്തിൽ മാത്രം എന്നും ഉറപ്പു നൽകുന്നു. ടീമുകൾ ആരായാലും ശരി നിലവാരം എന്തായാലും ശരി കിരീടം ലീഗിന്റെ അവസാന ദിവസം മാത്രമെ ആർക്കെന്നു തീരുമാനമാവുകയുള്ളൂ. അതെ, ഐ ലീഗിന്റെ കിരീട പോരാട്ടം അവസാന ദിവസത്തിലേക്ക് എത്തുക്കുന്ന പതിവ് ഇത്തവണയും തുടരുകയാണ്. ഇന്ന് മിനേർവ പഞ്ചാബിനെതിരെ ഈസ്റ്റ് ബംഗാൾ വിജയിച്ചില്ലായിരുന്നു എങ്കിൽ കിരീടം ചെന്നൈയിലേക്ക് പോകുമായിരുന്നു.
എന്നാൽ കളി സമനിലയിലേക്ക് പോവുകയാണെന്ന് തോന്നിച്ച നിമിഷത്തിൽ പിറന്ന ഒരു ഗോളിൽ ഈസ്റ്റ് ബംഗാൾ തങ്ങളുടെ കിരീട പ്രതീക്ഷകൾ ബാക്കിയാക്കി. എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഇന്ന് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. 75ആം മിനുട്ടിൽ എസ്കേഡ ആണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്. ഇനി ഒരു മത്സരം മാത്രം ബാക്കിയിരിക്കെ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് പോകുന്ന അവസ്ഥയിലാണ് ഉള്ളത്.
ഇപ്പോൾ ഒന്നാമതുള്ള ചെന്നൈ സിറ്റിക്ക് 40 പോയന്റാണ് ഉള്ളത്. രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 39 പോയന്റും. അവസാന മത്സരത്തിൽ മിനേർവ പഞ്ചാബിനെയാണ് ചെന്നൈ സിറ്റി നേരിടുക. ഗോകുലം ആണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ. അടുത്ത മത്സരം ചെന്നൈ പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്താൽ കിരീടം ഈസ്റ്റ് ബംഗാൾ കൊണ്ടു പോകും. ചെന്നൈ സിറ്റി പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ സമനില ആവുകയും ചെയ്താൽ ഇരു ടീമുകൾക്കും പോയന്റ് 40 ആകും. അങ്ങനെ വന്നാൽ ഹെഡ് ടു ഹെഡിന്റെ മികവിൽ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും. ഒരു വിജയം നേടിയാൽ മാത്രമെ ചെന്നൈ സിറ്റിക്ക് കിരീടം ഉറപ്പുള്ളൂ.
മാർച്ച് 9നാകും അവസാന റൗണ്ട് മത്സരങ്ങൾ നടക്കുക. രണ്ട് മത്സരങ്ങളും ഒരേ സമയത്താകും കിക്കോഫ്.