ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനം തൽക്കാലം ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ഹൈദരബാദ് ലീഗിൽ ഒന്നാമത് എത്തിയത്. ആദ്യ പകുതിയിൽ ആയിരുന്നു കളിയിലെ മൂന്ന് ഗോളുകളും പിറന്നത്. ഒഗ്ബെചെ ഹാട്രിക്ക് ഗോളുകളുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അനായാസമായിരിന്നു ഹൈദരബാദിന്റെ ആദ്യ മൂന്ന് ഗോളുകളും. 21ആം മിനുട്ടിൽ ഒഗ്ബ്ചെയുടെ ഒരു ലോങ് ഹെഡർ ആണ് ആദ്യം വലയിൽ എത്തിയത്. 44ആം മിനുട്ടിൽ ഒരു സോളോ റണ്ണിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ രണ്ടാം ഗോൾ. ഈ ഗോൾ തടയാനും ഈസ്റ്റ് ബംഗാൾ കഷ്ടപ്പെട്ടു. അവസാനം ഗോൾ കീപ്പറെയും കൂടെ മറികടന്നാണ് ഒഗ്ബെചെ പന്ത് വലയിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് അനികേത് കൂടെ ഗോൾ നേടിയതോടെ ഹൊദരബാദിന് 3 ഗോൾ ലീഡായി.
രണ്ടാം പകുതിയിലും അവർ അറ്റാക്ക് തുടരുന്നു. 74ആം മിനുട്ടിൽ ഒഗ്ബെചെ ഹാട്രിക്ക് തികച്ചു. ഇതോടെ ഈ സീസണിൽ ഒഗ്ബെചെക്ക് 12 ഗോളുകൾ ആയി. ആകെ ഐ എസ് എല്ലിൽ 47 ഗോളുകളുമായി. ഒരു ഗോൾ കൂടെ നേടിയാൽ താരത്തിന് ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോറർ ആകാം.
കളിയുടെ അവസാനം ഈസ്റ്റ് ബംഗാളിന് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും അത് ഫ്രഞ്ചി പ്രെസിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
ഈ വിജയത്തോടെ ഹൈദരബാദിന് 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ആയി. ഒരു മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സിനും 20 പോയിന്റ് ആണ്. എന്നാൽ മെച്ചപ്പെട്ട ഗൊൾ ഡിഫറൻസ് ഹൈദരബാദിനെ ഒന്നാമത് നിർത്തുന്നു. ഈ പരാജയത്തോടൊ ഈസ്റ്റ് ബംഗാൾ വീണ്ടും അവസാന സ്ഥാനത്ത് ആയി.