ജോസ് ബട്‍ലര്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹോബാര്‍ട്ട് ഹറികെയിനിനു ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന തണ്ടറിനു എന്നാല്‍ ആദ്യ പന്തില്‍ റണ്‍ഔട്ട് രൂപത്തില്‍ ബട്‍ലറിനെ നഷ്ടമായത് തിരിച്ചടിയായി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 5 സിക്സുകളും സഹിതമാണ് തന്റെ 81 റണ്‍സ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. 190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിഡ്നി തണ്ടര്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്നു. 36 റണ്‍സ് വീതം നേടി കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രഭാവം സിഡ്നി തണ്ടറിനു വേണ്ടി പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല.
മത്സരത്തില്‍ 9 റണ്‍സിന്റെ ജയമാണ് ഹോബാര്‍ട്ട് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഹോബാര്‍ട്ടിനായി ഇടം പിടിച്ചത്. ഇതില്‍ തന്നെ ബോയസിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ശ്രദ്ധേയം. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.
നേരത്തെ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ 97 റണ്‍സിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ മക്ഡര്‍മട്ടിന്റെയും ബലത്തില്‍ ഹോബാര്‍ട്ട് 189 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ ഹോബാര്‍ട്ട് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial