നാളെ നടക്കാനിരിക്കുന്ന ഹംഗേറിയൻ ഗ്രാൻഡ്‌പ്രിയിൽ പോൾ പൊസിഷൻ നേടി മേഴ്‌സിഡിസിന്റെ ജോർജ് റസ്സൽ. ഇന്ന് രാവിലെ ഹങ്കറോറിങ് ട്രാക്കിൽ മഴയുടെ മത്സരമായിരുന്നു. ആ മഴയിൽ നടന്ന പ്രാക്ടീസ് സെഷനുകൾ നിലവാരത്തിനൊത്ത് ഉയർന്നില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഫൈനൽ പ്രാക്ടീസ് സെഷനിൽ വില്യംസ് ടീമിന്റെ ലത്തീഫി മുന്നിൽ എത്തിയത് മാത്രമാണ് എടുത്തു പറയാൻ മാത്രമുള്ള പ്രകടനം.
വൈകിട്ട് മഴ മാറി നിന്ന ക്വാളിഫയിങ് റൗണ്ടിന്റെ അവസാനം മേഴ്‌സിഡിസിന്റെ റസ്സൽ തന്റെ കരിയറിൽ ആദ്യമായി പോൾ പൊസിഷൻ നേടി. ഫെറാറിയുടെ സെയിൻസിനെയും ലേക്ലേറെകിനെയും അത്ഭുതകരമായി പിന്നിലാക്കിയാണ് റസ്സൽ മുന്നിൽ എത്തിയത്.
റെഡ്ബുള്ളിന്റെ വെസ്റ്റാപ്പെൻ കാറിന്റെ പവർ പ്രശ്നം കാരണം അവസാന ക്വാളിഫയിങ് റൗണ്ടിൽ പത്താം സ്ഥാനത്തായി. അവരുടെ തന്നെ പെറേസ് ആകട്ടെ, രണ്ടാം ക്വാളിഫയിങ് പുറത്തായി. ഹാമിൽടൻ ഏഴാമതായപ്പോൾ, ഈ വർഷാവസാനം വിരമിക്കും എന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സെബാസ്റ്റ്യൻ വെറ്റൽ 18ആം സ്ഥാനത്തായി നാളെ തുടങ്ങും.
റഷ്യൻ ഗ്രാൻഡ്‌പ്രി വേണ്ടെന്ന് വച്ചെങ്കിലും ടീമുകളുടെ റഷ്യൻ സ്പോണ്സർമാരെ ഒഴിവാക്കാൻ വഴി നോക്കുകയാണ് ടീമുകൾ. ഈ വർഷത്തെ പകുതിയിൽ അധികം റേസുകൾ കഴിഞ്ഞ സ്ഥിതിക്ക് പുതിയ സ്പോണ്സർമാരെ കണ്ടു പിടിക്കുക എളുപ്പമല്ല.
നാളെ വൈകിട്ട് ഇൻഡ്യൻ സമയം ആറരക്ക് തുടങ്ങുന്ന ഹംഗേറിയൻ ഗ്രാൻഡ്‌പ്രി പുതിയൊരു ചാമ്പ്യനെ വാഴ്ത്തുമോ എന്നാണ് എഫ്1 ആരാധകർ ഉറ്റുനോക്കുന്നത്.