ഐ എസ് എല്ലിൽ വീണ്ടുമൊരു വിവാദം. ഐ എസ് എൽ ക്ലബായ എഫ് സി ഗോവയിൽ താൻ ഇനി ഇല്ല എന്നും ക്ലബ് വിടുകയാണ് എന്നും ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ ഗോവൻ താരം ഹ്യൂഗോ ബൗമസ് അറിയിച്ചിരുന്നു. എന്നാൽ താരം ക്ലബ് വിട്ടിട്ടില്ല എന്നും ക്ലബ് വിട്ടെന്നെ ഹ്യൂഗോയുടെ വാദം തെറ്റാണെന്നും എഫ് സി ഗോവ ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി. ഹ്യൂഗോ ബൗമസ് ഇപ്പോഴും ഞങ്ങളുടെ താരമാണ്. വേറെ ഒരു ക്ലബിനും ഹ്യൂഗോയെ വിട്ടു കൊടുക്കാൻ ഈ നിമിഷം വരെ ക്ലബ് തീരുമനിച്ചിട്ടില്ല എന്നും എഫ് സി ഗോവ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
ഇപ്പോഴും എഫ് സി ഗോവയിൽ ഹ്യൂഗോയ്ക്ക് ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. എഫ് സി ഗോവ ആവശ്യപ്പെടുന്ന തുക ഏതെങ്കിലും ക്ലബ് നൽകിയാൽ അല്ലാതെ ഹ്യൂഗോയെ വിട്ട് കൊടുക്കാൻ ക്ലബ് തയ്യാറല്ല എന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഒരു ക്ലബുമായും കരാർ ധാരണ ആകാതെ എന്ത് അടിസ്ഥാനത്തിലാണ് ഹ്യൂഗോ താൻ ക്ലബ് വിടുകയാണ് എന്ന് പറഞ്ഞതെന്ന് ആർക്കും വ്യക്തമല്ല. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യപ്പെട്ടിട്ടില്ല.
ഈ കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ഹ്യൂഗോ സംഭാവന ചെയ്തത്. ഗോവയെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.അവസാന മൂന്ന് സീസണായി ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു. ലീഗിൽ 16 ഗോളുകൾ നേടാനും 17 ഗോളുകൾ ഒരുക്കാനും ബൗമസിനായിട്ടുണ്ട്.