ഇന്നത്തെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിലെ ഏറ്റവും നിരാശ നൽകുന്നത് കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ഹോർമിപാമിന് സ്റ്റിമാച് അവസരം നൽകിയില്ല എന്നതാകും. ഈ സീസണിൽ ഐ എസ് എല്ലിൽ തിളങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ സെന്റർ ബാക്ക് ആരാണെന്ന് ചോദ്യത്തിന് വേറെ ഒരുത്തരം ആർക്കും നൽകാൻ ഉണ്ടാവില്ല. എന്നിട്ടും ഹോർമിപാം തഴയപ്പെട്ടു. അടുത്ത കാലത്ത് വരെ സെന്റർ ബാക്കിൽ ഇറങ്ങാൻ ആളില്ലാതെ പലരെയും പൊസിഷൻ മാറ്റി സെന്റർ ബാക്കിൽ കളിപ്പിക്കേണ്ടി വന്ന ഇന്ത്യൻ ദേശീയ ടീമാണ് ഹോർമിപാമിനെ തഴഞ്ഞത് എന്നതാണ് ഏറെ സങ്കടകരം.
യുവതാരം ആയതു കൊണ്ട് തന്നെ ഹോർമിപാമിന് ഭാവിയിൽ എന്തായാലും ഇന്ത്യൻ ടീമിൽ അവസരം കിട്ടും എന്നതിൽ സംശയമില്ല. പക്ഷെ ഇത്ര മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കെ താരത്തിന് അവസരം ലഭിച്ചിരുന്നു എങ്കിലും അത് ഹോർമിപാമിനും ഇന്ത്യക്കും ഒരുപോലെ കരുത്ത് നൽകിയേനെ.
ഈ സീസണിൽ ഹോർമിപാമും ലെസ്കോവിചും ചേർന്ന് ഇറങ്ങിയപ്പോൾ ഒരു ഗോൾ പോലും ഓപ്പൺ പ്ലേയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടില്ല. ഹോർമിയുടെ മികവ് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. വലിയ പരിക്കേറ്റിട്ടും അതിനോട് പൊരുതി തിരികെയെത്തി മികച്ച പ്രകടനങ്ങൾ ആവർത്തിക്കാനും ഹോർമിക്ക് ആകുന്നുണ്ട്.
മണിപ്പൂർ സ്വദേശിയ യുവതാരം റുയിവാ ഹോർമിപാം പഞ്ചാബ് എഫ് സിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഇന്ത്യൻ ആരോസിനായും താരം കളിച്ചിട്ടുണ്ട്. 2019ൽ അണ്ടർ 18 സാഫ് കപ്പ് നേടിയ ഇന്ത്യൻ ടീമിലെയും അംഗമായിരുന്നു