റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിലേക്ക് 1998 ൽ വന്ന കാലം മുതൽക്കേ അമേരിക്കൻ സ്പോർട്‌സ്‌വെയർ ഭീമൻമാരായ നൈക്കുമായാണ് കരാർ. കഴിഞ്ഞ ഇരുപത് വർഷത്തോളം അത് തുടരുകയും ചെയ്തു. ഇതിനിടയ്ക്ക് 20 ഗ്രാൻഡ്സ്ലാമുകൾ അടക്കം 98 കിരീടങ്ങൾ നേടുകയും ചെയ്തു. എന്നാൽ ഈ വിംബിൾഡണിൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജപ്പാൻ കമ്പനിയായ യൂണിക്ലൊ അണിഞ്ഞാണ് ഫെഡറർ കളത്തിലിറങ്ങിയത്. പത്ത് വർഷത്തേക്കുള്ള ഫെഡററുടെ പുതിയ യൂണിക്ലൊ കരാർ ഏകദേശം 300 മില്ല്യൺ അമേരിക്കൻ ഡോളറിനാണ് എന്ന് പറയപ്പെടുന്നു. കായികരംഗത്തെ തന്നെ ഏറ്റവും വലിയ കരാറായി ഇത് ഇതിനോടകം മാറിക്കഴിഞ്ഞു.
കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും ഫെഡറർക്ക് വേണ്ടി നൈക്ക് പ്രത്യേകം തയ്യാറാക്കിയ RF ലോഗോയുടെ ഭാവി എന്താകുമെന്നത് ഒരു ചോദ്യമായിരുന്നു. ഫെഡറർ മത്സരങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഈ ലോഗോയുള്ള നൈക്ക് വസ്ത്രങ്ങളും, തൊപ്പിയും. ഫെഡറർ പിൻവാങ്ങിയാലും ലോഗോ നൈക്കിന്റെ സ്വന്തമാണെന്നും പഴയത് പോലെ നിർമ്മാണവും വിൽപ്പനയും തുടരുമെന്നും പുതിയ കരാറിന്റെ പശ്ചാത്തലത്തിൽ നൈക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റോജർ ഫെഡറർ ലോഗോയെ കുറിച്ച് പറയുന്നത് ഈ ലോഗോ തന്നിലേക്ക് തന്നെ തിരികെ വരുമെന്നാണ്.
തന്റെ പേരിലേക്ക് ഉടൻ തന്നെ ഈ ലോഗോ കൈമാറ്റം ചെയ്യപ്പെടുമെന്നും, നൈക്കുമായി നല്ല ബന്ധമാണ് ഉള്ളതെന്നും പെട്ടെന്ന് തന്നെ ലോഗോ തന്നിലേക്ക് എത്തിക്കാൻ കമ്പനി സഹായിക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു താരം. RF ലോഗോ എന്നന്നേക്കുമായി നൈക്കിന്റേതല്ലെന്നും ആ ലോഗോ തന്നേയും ആരാധകരേയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് എന്നും ഫെഡറർ കൂട്ടിച്ചേർത്തു. പുതിയ കരാർ ഉണ്ടാക്കിയെങ്കിലും നൈക്കുമായി ഫുട്‌വെയർ കരാർ ഫെഡറർ പുതുക്കിയിട്ടുണ്ട് അതിൽ RF ലോഗോയുമുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial