വാങ്കഡേ സ്റ്റേഡിയത്തിൽ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ 162/5 എന്ന സ്കോര്‍ നേടി ഇന്ത്യ. ഇഷാന്‍ കിഷന്‍ മിന്നും തുടക്കം നൽകിയെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ദീപക് ഹൂഡയും അക്സര്‍ പട്ടേലും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോറിന് മാന്യത പകര്‍ന്നത്.
ദീപക് ഹൂഡ 23 പന്തിൽ 41 റൺസും അക്സര്‍ പട്ടേൽ 20 പന്തിൽ 31 റൺസും നേടിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 68 റൺസാണ് നേടിയത്. 35 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് ഈ റൺസ് നേടി ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്.
ഇഷാന്‍ കിഷന്‍ 29 പന്തിൽ 37 റൺസ് നേടിയപ്പോള്‍ 27 പന്തിൽ 29 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മറ്റൊരു പ്രധാന സ്കോറര്‍. ശുഭ്മന്‍ ഗിൽ(7), സൂര്യകുമാര്‍ യാദവ്(7), സഞ്ജു സാംസൺ(5) എന്നിവര്‍ വേഗത്തിൽ പുറത്താകുകയായിരുന്നു.
15 ഓവര്‍ പിന്നിടുമ്പോള്‍ 101/5 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ റൺറേറ്റിന് വേഗം നൽകിയത് ദീപക് ഹൂഡ മഹീഷ് തീക്ഷണയുടെ ഓവറിൽ രണ്ട് സിക്സറുകള്‍ പായിച്ചാണ്. പിന്നീട് റൺസ് യഥേഷ്ടം പിറന്നപ്പോള്‍ 35 പന്തിൽ നിന്ന് 68 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഹൂഡ – അക്സര്‍ ദ്വയം നേടിയത്.