ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട യൂറോ കപ്പിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയതോടെയാണ് ഹോളണ്ട് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചത്. ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. ഉക്രൈന് എതിരെ സംഭവിച്ച ഡിഫൻസീവ് പിഴവുകളും ഇന്ന് നെതർലന്റ്സ് ഓസ്ട്രിയക്ക് എതിരെ പരിഹരിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ഹോളണ്ടിനായി. പത്താം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഹോളണ്ടിന്റെ ഗോൾ. ഡംഫ്രൈസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി മെംഫിസ് ഡിപായ് പ്രശ്നങ്ങൾ ഒന്നുമില്ലാതെ വലയിൽ എത്തിച്ചു. ഇതിനു ശേഷം ഹോളണ്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ അകന്നു നിന്നു. നാൽപ്പതാം മിനുട്ടിൽ വൊഗോർസ്റ്റ് നൽകിയ പാസിൽ നിന്ന് കിട്ടിയ തുറന്ന അവസരം ഡിപായ് നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് ഡി വ്രിഹിന്റെയും ഡി ലിറ്റിന്റെയും ശ്രമങ്ങൾ സെക്കൻഡുകൾ വ്യത്യാസത്തിലാണ് ഓസ്ട്രിയ ഗോൾ കീപ്പറും ഡിഫൻസും ചേർന്ന് രക്ഷിച്ചത്. 67ആം മിനുട്ടിലാണ് ഹോളണ്ടിന്റെ വിജയൻ ഉറപ്പിച്ച രണ്ടാം ഗോൾ വന്നത്. ഡിപായ് മൈതാന മധ്യത്തു നിന്നു നൽകിയ പാസ് സ്വീകരിച്ച് കുതിച്ച മാലെൻ ഗോൾ വലക്കു മുന്നിൽ വെച്ച് നിസ്വാർത്ഥതയോടെ പന്ത് ഡംഫ്രൈസിന് കൈമാറി. താരം പന്ത് വലയിൽ എത്തിച്ചു. ഡൈഫ്രൈസ് ഉക്രൈനെതിരായ മത്സരത്തിലും ഗോൾ നേടിയിരുന്നു.
ഈ വിജയത്തോടെ ഹോളണ്ട് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഈ വിജയം പ്രീക്വാർട്ടർ ഉറപ്പിക്കുന്നതോടൊപ്പം ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നും ഉറപ്പാക്കി. 3 പോയിന്റുള്ള ഓസ്ട്രിയ അവസാന മത്സരത്തിൽ ഉക്രൈനെ നേരിടും.