ഹോളണ്ട് 2022 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. 2018ലെ റഷ്യൻ ലോകകപ്പിന് ഹോളണ്ടിന് യോഗ്യത ലഭിച്ചിരുന്നില്ല. അന്നത്തെ അഭാവം ഖത്തറിൽ തീർക്കുക എന്ന ലക്ഷ്യമാകും ഇനി ഹോളണ്ടിന് ഉണ്ടാവുക. ഇന്ന് പരാജയപ്പെട്ടതോടെ നോർവേ സ്ട്രൈക്കറും ഫുട്ബോളിലെ വലിയ സൂപ്പർസ്റ്റാറും ആയ ഹാളണ്ട് ലോകകപ്പിന് ഉണ്ടാകില്ല എന്നും ഉറപ്പായി.
ഇന്ന് ഒരു സമനില മതിയായിരുന്നു ഹോളണ്ടിന് യോഗ്യത ലഭിക്കാൻ. എങ്കിലും വിജയം തന്നെ നേടാൻ അവർക്കായി. 84ആം മിനുട്ടിൽ ബെർഗ്വൈൻ ആണ് വാൻ ഹാലിന്റെ ടീമിന് ലീഡ് നൽകിയത്. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഡിപായും ഹോളണ്ടിനായി ഗോൾ നേടി. ഡിപായുടെ യോഗ്യത റൗണ്ടിലെ പന്ത്രണ്ടാം ഗോളായിരുന്നു ഇത്. 23 പോയിന്റുമായാണ് ഹോളണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നോർവേ 18 പോയിന്റുമായി മൂന്നാമതും ഫിനിഷ് ചെയ്തു.