വീണ്ടും ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതി ചേർത്ത് നീരജ് ചോപ്ര. സൂറിച് ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ജാവലിൻ ത്രോയിൽ തന്റെ രണ്ടാം ശ്രമത്തിൽ 88.44 മീറ്റർ ദൂരം എറിഞ്ഞു ആണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ നീരജ് സ്വർണം നേടിയത്.
സ്വർണ മെഡൽ നേട്ടത്തിന് ഒപ്പം 30,000 ഡോളർ സമ്മാനത്തുകയും ഇന്ത്യൻ താരം സ്വന്തം പേരിലാക്കി. നേരത്തെ ഈ വർഷം സ്റ്റോക്ഹാം ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ നേടിയ നീരജ് ഇത്തവണ അത് സ്വർണം ആയി മാറ്റി. ഈ ഗർഷം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കൂടി നേടിയ നീരജ് ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരത്തിലേക്കുള്ള പ്രയാണത്തിൽ ആണ്. ഇനി 90 മീറ്റർ താണ്ടാനും പാരീസ് ഒളിമ്പിക്സിൽ സ്വർണം നിലനിർത്താനും ആവും 24 കാരനായ ഇന്ത്യൻ താരത്തിന്റെ ശ്രമം.