കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഒരു വേള ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു മത്സരത്തിൽ നാല് ഗോളടിച്ച് ജയം സ്വന്തമാക്കിയത്. ഹസാർഡിന്റെ ഹാട്രിക് പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോൾ വ്യതാസത്തിൽ ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.
മത്സരം തുടങ്ങിയത് മുതൽ എല്ലാവരുടെയും പ്രതീക്ഷക്ക് വിപരീതമായ പ്രകടനമാണ് കാർഡിഫ് പുറത്തെടുത്തത്. ചെൽസി ആക്രമണത്തെ പ്രതിരോധത്തിൽ ഊന്നി മറികടക്കാതെ മികച്ച ആക്രമണമാണ് തുടക്കത്തിൽ കാർഡിഫ് പുറത്തെടുത്തത്. അതിന്റെ പ്രതിഫലമെന്നോണം ചെൽസിയെ ഞെട്ടിച്ചുകൊണ്ട് കാർഡിഫ് മത്സരത്തിൽ ഗോൾ നേടി. സെറ്റ് പീസ് പ്രതിരോധിക്കുന്നതിൽ ചെൽസി വീഴ്ചവരുത്തിയപ്പോൾ സോൾ ബംബയാണ് ചെൽസിയെ ഞെട്ടിച്ച ഗോൾ നേടിയത്.
ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം കാഴ്ച വെച്ച ചെൽസി പലപ്പോഴും കാർഡിഫ് ഗോൾ കീപ്പർ നീൽ എതെറിഡ്ജിനു മുൻപിൽ മുട്ട് മടക്കി. എന്നാൽ അധികം താമസിയാതെ ജിറൂദും ഹസാർഡും ഒരുമിച്ച് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ചെൽസി സമനില പിടിച്ചു. സമനില നേടി അധികം താമസിയാതെ ജിറൂദ് – ഹസാർഡ് സഖ്യം രണ്ടാമതും കാർഡിഫ് വല കുലുക്കി. ഇത്തവണയും ഹസാർഡ് തന്നെയായിരുന്നു ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ചെൽസിയെ വിറപ്പിച്ച പ്രകടനം പുറത്തെടുത്ത കാർഡിഫ് പക്ഷെ ചെൽസി പ്രതിരോധം മറികടക്കുന്നതിൽ വിജയിച്ചില്ല. തുടർന്ന് മൂന്ന് മിനുറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച ചെൽസി മത്സരത്തിൽ ജയം ഉറപ്പിച്ചു. ആദ്യം വില്യനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി ഹസാർഡ് തന്റെ ഹാട്രിക് പൂർത്തിയാക്കി. തുടർന്ന് മൂന്ന് മിനുറ്റുനിടെ വില്യൻ ചെൽസിയുടെ നാലാമത്തെ ഗോളും നേടി മത്സരത്തിൽ ചെൽസിയുടെ ആധിപത്യം ഉറപ്പിച്ചു.