ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ സൂപ്പർ താരം ഏദൻ ഹസാർഡിനെ ഇന്ന് റയൽ മാഡ്രിഡ് ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചു. റയൽ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യൂവിൽ വെച്ച് നടന്ന ചടങ്ങിലാണ് ആദ്യമായി ഹസാർഡ് റയൽ മാഡ്രിഡ് ജേഴ്സിയിൽ എത്തിയത്. അര ലക്ഷം പേരാണ് ഗ്യാലറിയിൽ ഇന്ന് തടിച്ചു കൂടിയത്.
10 വർഷം മുൻപ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ആഘോഷിക്കാൻ വന്ന 70,000ൽ അധികം ആരാധകർ എത്തിയിരുന്നു. അത്ര എത്തിയില്ല എങ്കിലും അതിനോട് അടുത്ത ജനം ഇന്ന് ബെർണബായുവിൽ എത്തി. ചെറുപ്പം മുതൽ തന്റെ ആഗ്രഹമായിരുന്നു ഈ ക്ലബിനായി കളിക്കുക എന്ന് ഹസാർഡ് ചടങ്ങിൽ പറഞ്ഞു. റയൽ മാഡ്രിഡ് ജേഴ്സിയാണ് അണിഞ്ഞത് എങ്കിലും ഹസാർഡിന്റെ ജേഴ്സിക്ക് നമ്പർ ഉണ്ടായിരുന്നില്ല. താരത്തിന്റെ ജേഴ്സി നമ്പർ ഉടൻ തീരുമാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ മറ്റൊരു സൈനിങ്ങായ ലൂക്ക യോവിച്ചിനെയും ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു.