അയ്യോ ഹസാർഡേ പോകല്ലേ എന്നായിരിക്കും ഒരോ ചെൽസി ആരാധകനും പറയുന്നുണ്ടാവുക. ഇന്ന് യൂറോപ്പാ തീ ഫൈനലിലും ഹസാർഡ് തന്നെ ആയിരുന്നു ചെൽസിയെ കപ്പിലേക്ക് നയിച്ചത്. ഇന്നല്ല അവസാന കുറേ വർഷങ്ങളായി എഡെൻ ഹസാർഡ് തന്നെയാണ് ചെൽസിയെ തോളിലേറ്റി വിജയങ്ങളിലേക്കും കിരീടങ്ങളിലേക്കും നടക്കുന്നത്. എന്നാൽ ഇന്നത്തേത് അത്തരത്തിലുള്ള അവസാന മത്സരമായിരിക്കും.
8 വർഷങ്ങൾക്ക് ശേഷം ചെൽസി വിടാൻ ഹസാർഡ് ഉറപ്പിച്ചിരിക്കുകയാണ്. ഇന്നത്തേത് ഹസാർഡിന്റെ അവസാന മത്സരമായിരിക്കും എന്ന് ഹസാർഡും ചെൽസിയുടെ പരിശീലകൻ സാരിയും ഒക്കെ നേരത്തെ തന്നെ സൂചനകൾ നൽകിയതായിരുന്നു. മുമ്പും ഹസാർഡ് ക്ലബ് വിടും എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്തവണ അത് ഏതാണ്ട് ഉറപ്പാണ്. യൂറോപ്പ ഫൈനൽ അവസാനിക്കാൻ കാത്തിരിക്കുകയാണ് ഹസാർഡ് തന്റെ തീരുമാനം അറിയിക്കാൻ.
ഇന്നത്തേതാണ് ഹസാർഡിന്റെ അവസാന മത്സരം എങ്കിൽ ഇതിലും മികച്ച ഒരു വിടവാങ്ങൾ ഒരു താരത്തിനും സ്വപ്നം കാണാൻ കഴിയില്ല. ഇന്ന് ആഴ്സണലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹസാർഡിന്റെ ചെൽസി പരാജയപ്പെടുത്തിയത്. ബാകുവിൽ പിറന്ന നാലു ഗോളുകളിൽ മൂന്നിലും ഹസാർഡിന്റെ വലിയ പങ്ക്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും ഒപ്പം ഫൈനലിലെ മാൻ ഓഫ് ദി മാച്ചും.
ചെൽസിയുടെ കൂടെ ഹസാർഡ് നേടുന്ന ആറാം കിരീടമാണിത്. രണ്ട് പ്രീമിയർ ലീഗ്, ഒരു എഫ് എ കപ്പ്, ഒരു ലീഗ് കപ്പ്, രണ്ട് യൂറോപ്പ കിരീടം എന്നിവയാണ് ഹസാർഡിന്റെ ചെൽസിക്ക് ഒപ്പമുള്ള കിരീട നേട്ടങ്ങൾ. 352 മത്സരങ്ങൾ ചെൽസിക്കായി ഇതുവരെ കളിച്ച ഹസാർഡ് 110 ഗോളുകൾ നീലപ്പടയ്ക്കായി ഇതുവരെ നേടിയിട്ടുണ്ട്. ഇനി സ്പെയിനിൽ ആയിരിക്കും ഹസാർഡ് കളിക്കുക എന്നാണ് കരുതപ്പെടുന്നത്. റയൽ മാഡ്രിഡ് ആകും ഹസാർഡിന്റെ അടുത്ത ഹോം.