200 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് യുവരാജും സൂര്യകുമാര്‍ യാദവും ക്രീസില്‍ നിന്നപ്പോള്‍ തോന്നിപ്പിച്ച മുംബൈയെ 200നു താഴെ സ്കോറിനു പിടിച്ചു കെട്ടി ബാംഗ്ലൂര്‍. യൂസുവേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റുകളാണ് മുംബൈയുടെ കുതിപ്പിനു തടയിട്ടത്. 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ മുംബൈയ്ക്ക് 187 റണ്‍സാണ് നേടാനായത്. 5 റണ്‍സിനിടെ നാല് വിക്കറ്റാണ് മുംബൈയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായത്.
ക്വിന്റണ്‍ ഡി കോക്കും-രോഹിത് ശര്‍മ്മയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ ഭേദപ്പെട്ട തുടക്കം മുംബൈയ്ക്ക് നല്‍കിയെങ്കിലും പത്തോവറിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടപ്പോള്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു. 6.3 ഓവറില്‍ ഡി കോക്കിനെ(23) നഷ്ടമാകുമ്പോള്‍ മുംബൈയുടെ സ്കോര്‍ 54 റണ്‍സായിരുന്നു. പിന്നീട് സ്കോര്‍ 87ല്‍ നില്‍ക്കെ രോഹിത്തിനെയും(48) മുംബൈയ്ക്ക് നഷ്ടമായി. ഡിക്കോക്കിനെ ചഹാലും രോഹിത്തിനെ ഉമേഷ് യാദവുമാണ് പുറത്താക്കിയത്.
തുടര്‍ന്ന് സൂര്യകുമാര്‍ യാദവും(38)-യുവരാജ് സിംഗും(23) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 37 റണ്‍സ് അതിവേഗത്തില്‍ നേടിയെങ്കിലും യുവരാജ് സിംഗ് പുറത്തായതോടെ മുംബൈയുടെ താളം തെറ്റി. തന്റെ ഓവറിലെ ആദ്യ മൂന്ന് പന്തും യുവരാജ് സിംഗ് സിക്സര്‍ പറത്തിയെങ്കിലും നാലാം പന്തും അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ച യുവരാജിനെ പുറത്താക്കി ചഹാല്‍ പ്രതികാരം ചെയ്തു.
12 പന്തില്‍ മൂന്ന് സിക്സ് സഹിതമായിരുന്നു യുവരാജിന്റെ 23 റണ്‍സ്. തന്റെ അടുതത് ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും പൊള്ളാര്‍ഡിനെയും പുറത്താക്കി ചഹാല്‍ തന്റെ നാലോവര്‍ പൂര്‍ത്തിയാക്കി 4 വിക്കറ്റ് നേടി. 38 റണ്‍സാണ് താരം വഴങ്ങിയത്. 142/3 എന്ന നിലയില്‍ നിന്ന് 147/7 എന്ന നിലയിലേക്ക് മുംബൈ വീഴുന്ന കാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകര്‍ക്ക് ആഹ്ലാദകരമായ നിമിഷമായിരുന്നു.
ക്രുണാല്‍ പാണ്ഡ്യയെ മികച്ചൊരു ക്യാച്ചിലൂടെ നവ്ദീപ് സൈനി പിടിച്ച് പുറത്തായപ്പോള്‍ ഉമേഷ് യാദവ് തന്റെ രണ്ടാം വിക്കറ്റ് നേടി. അടുത്ത വിക്കറ്റായി മക്ലെനാഗനെ സിറാജ് ക്ലീന്‍ബൗള്‍ഡായി പുറത്താക്കി. അവസാന ഓവറുകളില്‍ മുംബൈയെ മാന്യമായ സ്കോറിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം ഹാര്‍ദ്ദിക് പാണ്ഡ്യയിലെത്തുകയായിരുന്നു.
എട്ടാം വിക്കറ്റില്‍ 25 റണ്‍സാണ് മയാംഗ് മാര്‍ക്കണ്ടേയെ ഒരറ്റത്ത് നിര്‍ത്തി ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്. എന്നാല്‍ അവസാന ഓവറില്‍ സിറാജ് മാര്‍ക്കണ്ടേയെ(6) പുറത്താക്കി. അവസാന നാല് പന്തില്‍ നിന്ന് രണ്ട് സിക്സ് കൂടി നേടി ഹാര്‍ദ്ദിക് ടീമിനെ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 14 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മത്സരത്തിലെ മുംബൈയുടെ രക്ഷകന്. 2 ഫോറും 3 സിക്സുമാണ് താരം നേടിയത്.
റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി ചഹാല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.