പ്രഥമ ഖത്തർ ഗ്രാന്റ് പ്രീയിൽ ജയവുമായി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ മികച്ച പ്രകടനം കാഴ്ച വച്ചാണ് റേസിൽ ജയം കണ്ടത്. ബ്രസീലിനു പിറകെ തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയാണ് ഹാമിൾട്ടൻ ജയിക്കുന്നത്. സീസണിൽ ഇത് ആദ്യമായാണ് തുടർച്ചയായി ഗ്രാന്റ് പ്രീകൾ ഹാമിൾട്ടൻ ജയിക്കുന്നത്. എല്ലാവരും എഴുതി തള്ളിയ ശേഷവും വിടാതെ പൊരുതുന്ന ഹാമിൾട്ടന്റെ പോരാട്ട വീര്യം നിലവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനുമായുള്ള പോയിന്റ് വ്യത്യാസം 8 ആയി കുറച്ചിട്ടുണ്ട്. സീസണിൽ ഇനി വെറും രണ്ട് ഗ്രാന്റ് പ്രീകൾ മാത്രം അവശേഷിക്കുമ്പോൾ ത്രില്ലിംഗ് ആയ അവസാന ദിവസങ്ങളിലേക്ക് ആണ് ഫോർമുല വൺ നീങ്ങുന്നത്.
ഉറങ്ങിയ സിംഹത്തെയാണ് വെർസ്റ്റാപ്പൻ വിവാദങ്ങൾ കൊണ്ടു ഉണർത്തിയത് എന്നാണ് മെഴ്‌സിഡസ് ടീം ഹാമിൾട്ടന്റെ ഈ കുതിപ്പിനെ കുറിച്ച് പറഞ്ഞത്. 5 ഗ്രിഡ് പെനാൽട്ടി ലഭിച്ചു ആറാം സ്ഥാനത്ത് റേസ് തുടങ്ങേണ്ടി വന്നു എങ്കിലും രണ്ടാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കാൻ ആയത് വെർസ്റ്റാപ്പനു ചെറിയ ആശ്വാസം ആയി. മുൻ ലോക ജേതാവ് ആയ ഫെർണാണ്ടോ അലോൺസോ മൂന്നാമത് എത്തി പോഡിയത്തിൽ എത്തിയത് ആവേശകരമായ കാഴ്ച്ചയായി. ആൽഫിനിൽ ആണ് അലോൺസോയുടെ ടീം. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആണ് റേസിൽ നാലാം സ്ഥാനത്ത് എത്തിയത്. അതേസമയം മെഴ്‌സിഡസിൽ ഹാമിൾട്ടന്റെ സഹ ഡ്രൈവർ ബോട്ടാസ് അയോഗ്യമാക്കപ്പെട്ടു. നിലവിൽ നിർമാതാക്കളുടെ ചാമ്പ്യൻഷിപ്പിൽ മെഴ്‌സിഡസ് തന്നെയാണ് മുന്നിൽ.