തുർക്കി ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ചരിത്രം സ്വന്തം പേരിൽ കുറിച്ച് ബ്രിട്ടന്റെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിനെ മറികടന്നു ലോക കിരീടം ഉറപ്പിച്ചു. മഴയും മോശം കാലാവസ്ഥയും വില്ലനായ തുർക്കി ഗ്രാന്റ് പ്രീയിൽ ഇതിഹാസ താരങ്ങൾക്ക് ചേർന്ന വിധം വളരെ ബുദ്ധിപൂർവ്വം ആണ് ഹാമിൾട്ടൻ കാറോടിച്ചത്. ആറാമത് ആയി തുടങ്ങിയ ഹാമിൾട്ടൻ തന്റെ അനുഭവസമ്പത്ത് പുറത്ത് എടുത്താണ് ജയം കണ്ടത്. തുടർച്ചയായ നാലാം റേസ് ജയം കൂടിയായിരുന്നു ഹാമിൾട്ടനു ഇത്. ജയത്തിനു ശേഷം വളരെ വികാരാതീതനായ ഹാമിൾട്ടനെ ആണ് കാണാൻ സാധിച്ചത്.
ഹാമിൾട്ടൻ ഷുമാർക്കറിന്റെ റെക്കോർഡ് നേട്ടത്തിൽ എത്തിയ റേസിൽ ബോട്ടാസിന് വലിയ തിരിച്ചടി ആണ് നേരിട്ടത്. 14 മത് ആയാണ് ബോട്ടാസ് തുർക്കി റേസ് അവസാനിപ്പിച്ചത്. 11 മത് ആയി തുടങ്ങിയ റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് രണ്ടാമത് എത്തിയപ്പോൾ അവസാന ലാപ്പിൽ സഹ ഡ്രൈവർ ചാൾസ് ലേക്ലെർക്കിന്റെ പിഴവ് മുതലെടുത്ത് ഒരു ഇടവേളക്ക് ശേഷം ഫെരാരിയുടെ മുൻ ലോക ചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ മൂന്നാമത് ആയി പോഡിയം കണ്ടു. ഹാമിൾട്ടനെ റെക്കോർഡ് നേട്ടത്തിൽ ആദ്യം അഭിനന്ദിച്ചതും വെറ്റൽ ആയിരുന്നു. ലെക്ലെർക്ക് നാലാമത് ആയപ്പോൾ സൈൻസ് അഞ്ചാമതും വെർസ്റ്റാപ്പൻ ആറാമതും ആയി. അതേസമയം കരിയറിൽ ആദ്യമായി പോൾ പോസിഷനിൽ റേസ് തുടങ്ങിയ ലാൻസ് സ്ട്രോൾ ഒമ്പതാമത് ആയാണ് റേസ് അവസാനിപ്പിച്ചത്.