ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി അവരുടെ മികവ് തുടരുന്നു. ഇന്ന് അവർ ബെംഗളൂരു എഫ് സിയെയും പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദ് എഫ് സിയുടെ വിജയം. ആ ഗോളും വന്നത് ഗുർപ്രീത് സിംഗിന്റെ ഒരു പിഴവിൽ നിന്ന് ആയിരുന്നു. ആദ്യ പകുതിയിൽ ഹൈദരബാദ് നല്ല അവസരം സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നും വന്നില്ല. സിവിയേരോ തന്നെ ലഭിച്ച രണ്ട് നല്ല അവസരങ്ങൾ തുലച്ചു.
രണ്ടാം പകുതിയിൽ നർസാരിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം 81ആം മിനുട്ടിൽ ഒരു
കോർണറിൽ നിന്നാണ് ഹൈദരാബാദ് ലീഡ് എടുത്തത്. ഗുർപ്രീതിന് എളുപ്പം കൈക്കലാക്കാമായിർന്നു പന്ത് അദ്ദേഹം ക്ലിയർ ചെയ്തത് നേരെ ഒഗ്ബെചെയുടെ തലയിലേക്ക് ആയി. ഒഗ്ബെചെ അത് വലയിലേക്ക് എത്തിച്ച് ഹൈദരബാദിന് 3 പോയിന്റ് നൽകി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് എത്തി. ബെംഗളൂരു നാലു പോയിന്റുമായി നാലാമത് നിൽക്കുന്നു.