അഡിലെയ്ഡില്‍ കൂട്ട തകര്‍ച്ചയെ അതിജീവിച്ച് ഇന്ത്യ. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 51/4 എന്ന നിലയിലായിരുന്ന ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 250/9 എന്ന നിലയിലാണ്. പൊരുതി നേടിയ ശതകവുമായി ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ അതിജീവനത്തിന്റെ മുഖമുദ്രയായി മാറിയത്. മറ്റു മുന്‍നിര ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പുജാര 246 പന്തില്‍ നിന്ന് 123 റണ്‍സുമായി റണ്ണൗട്ടായി മടങ്ങുകയായിരുന്നു.
ഇന്ത്യ ഒന്നാം ദിവസം രണ്ട് വിക്കറ്റ് അവശേഷിക്കെ അതിജീവിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തിരിച്ചടിയായി പുജാരയുടെ റണ്ണൗട്ട്. പാറ്റ് കമ്മിന്‍സിന്റെ മികച്ച ഫീല്‍ഡിംഗാണ് പുജാരയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചത്. പുജാരയുടെ വിക്കറ്റ് വീണതോടെ ഒന്നാം ദിവസത്തെ കളി അവസാനിക്കുകയായിരുന്നു.
മധ്യ നിരയില്‍ രോഹിത് ശര്‍മ്മ(37), ഋഷഭ് പന്ത്(25), രവിചന്ദ്രന്‍ അശ്വിന്‍(25) എന്നിവര്‍ക്കൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ നേടിയ പുജാര വാലറ്റത്തിനെ കൂട്ടുപിടിച്ച തന്റെ ശതകം നേടുകായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രണ്ട് റണ്‍സ് ഓടി പൂര്‍ത്തിയാക്കിയാണ് പുജാര തന്റെ ശതകം തികച്ചത്. അശ്വിനുമായി ചേര്‍ന്ന് ഏറെ നിര്‍ണ്ണായകമായ 62 റണ്‍സ് നേടാനായതും ഒന്നാം ദിവസം ഓള്‍ഔട്ട് ആകാതെ പിടിച്ചു നില്‍ക്കുവാന്‍ ഇന്ത്യയെ സഹായിച്ചു. രോഹിത്തിനൊപ്പം 45 റണ്‍സും പന്തിനൊപ്പം 41 റണ്‍സുമാണ് പുജാര നേടിയത്. ഈ രണ്ട് കൂട്ടുകെട്ടുകളിലും തന്റെ പങ്കാളികള്‍ ആയിരുന്നു സ്കോറിംഗ് വേഗത കൂട്ടിയതെങ്കിലും ഒരു വശം കാത്ത് നിന്നു ബാറ്റ് വീശിയ പുജാരയുടെ ബാറ്റിംഗ് ഏറെ പ്രശംസനീയമാണ്.
ഓസ്ട്രേലിയയ്ക്കായി പ്രധാന ബൗളര്‍മാരായ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, കമ്മിന്‍സ്, ലയണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.