റിവർ പ്ലേറ്റും ബോക ജൂനിയേഴ്സും മാഡ്രിഡിൽ എത്തി

- Advertisement -

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിനായി അർജന്റീനൻ ശക്തികളായ റിവർ പ്ലേറ്റും ബോക ജൂനിയേഴ്സും മാഡ്രിഡിൽ എത്തി. നേരത്തെ മാറ്റിവെച്ച ഫൈനൽ സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച ആണ് മത്സരം നടക്കുക.

റിവർ പ്ലേറ്റ് ടീം ഇന്നലെ ആണ് മാഡ്രിഡിൽ എത്തിയത്. ബോക ജൂനിയേഴ്സ് ഒരു ദിവസം മുന്നെ എത്തിയിരുന്നു. ഇരുടീമുകൾക്കും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബെർണബവു സ്റ്റേഡിയത്തിലെ 85000 ടിക്കറ്റും ഇതിനകം തന്നെ വിറ്റു കഴിഞ്ഞിട്ടുണ്ട്. റിവർ പ്ലേറ്റിന്റെ തട്ടകത്തിലായിരുന്നു രണ്ടാം പാദം നടക്കേണ്ടിയിരുന്നത്.

എന്നാൽ റിവർ പ്ലേറ്റിന്റെ തട്ടകത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നേ ഉണ്ടായ ആക്രമണമാണ് രണ്ടാം പാദ മത്സരം മാഡ്രിഡിൽ എത്തിച്ചത്. ബോകാ ജൂനിയേഴ്സിന്റെ ടീം ബസ്സിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. ടീം ബസ്സിന്റെ ചില്ല് തകർത്തതും താരങ്ങൾക്ക് പരിക്കേറ്റതും ലാറ്റിനമേരിക്കൻ ഫുട്ബോളിന് തന്നെ നാണക്കേടായിരുന്നു.

ആദ്യ പാദ ഫൈനൽ 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ടു തവണ അന്ന് എവേ ടീമായ റിവർ പ്ലേറ്റ് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. എവെ ഗോൾ നിയമം ഇല്ലായെങ്കിലും ഈ സ്കോർ റിവർ പ്ലേറ്റിന് മുൻ കൈ നൽകിയിരുന്നു. ആക്രമണം കാരണം കളി വേറെ ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചത് റിവർ പ്ലേറ്റിന്റെ ഹോം അഡ്വാന്റേജും ഇല്ലാതാക്കും.

Advertisement